കഴിഞ്ഞ ദിവസമായിരുന്നു തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ പിറന്നാള്‍. തന്‍റെ 41-ാം ജന്മദിനത്തില്‍ നിരവധി പേര്‍ താരത്തിന് ആശംസകളും സര്‍പ്രൈസുകളുമായി രംഗത്തെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ മുതൽ ആരാധകരും, സിനിമ സുഹൃത്തുക്കളും വരെ അല്ലു അർജുന് ജന്മദിനാശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
തെലുഗു സിനിമ സുഹൃത്തുക്കളും പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നു. ഇപ്പോഴിതാ തെലുഗു സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ അല്ലു അർജുന് നല്‍കിയ ജന്മദിനാശംസകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ട്വിറ്ററിലൂടെയായിരുന്നു ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനാശംസകള്‍.
'ബാവ, നിങ്ങൾക്ക് ജന്മദിനാശംസകള്‍ നേരുന്നു..ഒരു മഹത്തായ ഒന്ന്!!' -ഇപ്രകാരമാണ് ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി അല്ലു അര്‍ജുനും രംഗത്തെത്തി. 'നിങ്ങളുടെ മനോഹരമായ ആശംസകൾക്ക് നന്ദി ബാവാ... ഊഷ്‌മളമായ ആലിംഗനങ്ങൾ' എന്നായിരുന്നു മറുപടി.
നന്ദി പറഞ്ഞ അല്ലു അര്‍ജുനോട് ആലിംഗനം മാത്രമാണോ? പാർട്ടി ലെഡാ പുഷ്‌പാ? (പാർട്ടി എവിടെയാണ് പുഷ്‌പ?) എന്ന് ജൂനിയർ എന്‍ടിആര്‍ ചോദിച്ചു. ഇതിന് മറുപടിയായി അല്ലു അര്‍ജുന്‍ വാസ്‌തുന (വരുന്നു) എന്നും കുറിച്ചു.
ട്വിറ്ററിൽ ജൂനിയർ എൻടിആറിന്‍റെയും അല്ലു അർജുന്‍റെയും രസകരമായ ഈ തമാശ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ ഈ രസകരമായ തമാശ ആരാധകരെയും രസിപ്പിച്ചു.
അതേസമയം, അല്ലു അർജുന്‍റെ പുഷ്‌പ 2ലെ ശ്രദ്ധേയമായ പോസ്‌റ്ററിന് അഭിനന്ദനപ്രവാഹമാണ് ലഭിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി 61.3 ദശലക്ഷം പേരാണ് പുഷ്‌പ ദി റൂളിന്‍റെ ടീസര്‍ കണ്ടിരിക്കുന്നത്. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പുഷ്‌പ 2യിലെ പ്രത്യേക വീഡിയോയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
മൈത്രി മൂവി മേക്കേഴ്‌സാണ് അല്ലു അര്‍ജുന്‍റെ 'പുഷ്‌പ 2' ലെ പ്രത്യേക വീഡിയോ പുറത്തു വിട്ടത്. 'പുഷ്‌പ വേട്ടയാടൽ അവസാനിച്ചു, പുഷ്‌പയുടെ ഭരണം ആരംഭിക്കുന്നു. ഐക്കൺ സ്‌റ്റാനിന് (അല്ലു അര്‍ജുന്‍) ജന്മദിനാശംസകൾ' -ഇപ്രകാരമായിരുന്നു മൈത്രി മൂവി മേക്കേഴ്‌സ് ട്വിറ്ററില്‍ കുറിച്ചത്.
പോസ്‌റ്ററിൽ വളരെ വ്യത്യസ്‌തമാര്‍ന്ന ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചേല ചുറ്റി ദേഹമാസകലം സ്വർണ്ണാഭരണങ്ങളും, നാരങ്ങാ മാലയും ധരിച്ച് പെണ്‍ വേഷത്തിലാണ് താരത്തെ പോസ്‌റ്ററില്‍ കാണാനാവുക. കൂടാതെ കയ്യില്‍ ഒരു കൈതോക്കും താരം പിടിച്ചിട്ടുണ്ട്. ഇത്രയും തീവ്രമായ ലുക്കിൽ അല്ലു അര്‍ജുനെ കണ്ട ശേഷം ആരാധകരും ആവേശത്തിലായിരുന്നു. ഇതോടെ പുഷ്‌പ 2നായി ഇനിയും ക്ഷമയോടെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
അല്ലു അര്‍ജുന്‍റെ മേക്കോവറിനെ പ്രശംസിച്ച് സിനിമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് പോസ്‌റ്ററിന് താഴെ ഹാര്‍ട്ട് ഇമോജികളും ഫയർ ഇമോജികളും പങ്കുവച്ചത്. രശ്‌മിക മന്ദാനയും ഫസ്‌റ്റ് ലുക്കിന് കമന്‍റ് ചെയ്‌തിട്ടുണ്ട്. 'ഇത് ഞങ്ങളുടെ വേട്ടയുടെ തുടക്കം മാത്രമാണ്!' -ഇപ്രകാരമായിരുന്നു രശ്‌മിക കുറിച്ചത്. ഫയര്‍ ഇമോജിയാണ് നടി ഹുമ ഖുറേഷി പങ്കുവച്ചത്. 'ഇനിയും കാത്തിരിക്കാൻ വയ്യ' -എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
'പുഷ്‌പ' ഫ്രാഞ്ചസിയിലെ ആദ്യ ഭാഗം 'പുഷ്‌പ ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ ദി റൂള്‍'. 'പുഷ്‌പ ദി റൈസ്' ബോക്‌സോഫിസിൽ വലിയ ചലനം സൃഷ്‌ടിച്ചിരുന്നു. കാരണം സിനിമയിലെ സംഭാഷണങ്ങളും ഗാനങ്ങളും വരെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഒരു പവർ പാക്ക്ഡ് പെർഫോമൻസുമായാണ് 'പുഷ്‌പ ദി റൂളി'ലൂടെ അല്ലു അര്‍ജുന്‍ തിരിച്ചെത്തുന്നത്.
Also Read: 'നിങ്ങളെ പോലെ എന്നെ പ്രചോദിപ്പിക്കുന്നവർ കുറവാണ്'; സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത