ലക്‌നൗ: മാധ്യമപ്രവർത്തകർക്കും കുടുംബങ്ങൾക്കും വാക്സിനേഷന് മുൻഗണന നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ. 18 വയസിന് മുകളിലുള്ള മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്വന്തം ആരോഗ്യത്തെ അപകടത്തിലാക്കി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ശ്രമമാണ് തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ മാധ്യമപ്രവർത്തകർക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കണം. ആവശ്യമെങ്കിൽ അവരുടെ ജോലി സ്ഥലത്ത് പോയി വാക്സിനേഷൻ നൽകണമെന്നും ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പത്രപ്രവർത്തകർക്കും ഫ്രീലാൻസർമാർക്കും ക്ഷേമപദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.