ചണ്ഡീഗഢ്: മാധ്യമപ്രവർത്തകനും 'ദി ഇങ്ക്' സ്ഥാപകനുമായ രാജേഷ് കുണ്ടുവിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധി മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്‌ട്രീയ പ്രവർത്തകരും ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു. കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയിലാണ് പൊലീസ് നടപടി. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് രാജേഷ് കുണ്ടുവിനെതിരെ പൊലീസ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്‌തയുടനെ തന്നെ സംസ്ഥാനത്തുടനീളമുള്ള മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. സർക്കാർ ഭീകരതയും ഭ്രാന്തും എല്ലാ പരിധികളും മറികടന്നു! ലജ്ജാവഹമാണിതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ട്വീറ്റ് ചെയ്‌തു. കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കുമാരി സെൽജയും സംഭവത്തെ അപലപിച്ചു. മാധ്യമപ്രവർത്തകരെ അടിച്ചമർത്താൻ കഴിയില്ലെന്നും സെൽജ ട്വീറ്റ് ചെയ്‌തു.