കോയമ്പത്തൂർ : ജോസ് ആലൂക്കാസിൽ നിന്ന് 4.8കിലോ സ്വർണം കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ (Robbery in Jos Alukkas). ധർമ്മപുരി ജില്ലയിലെ ദേവറെഡ്ഡിയൂർ സ്വദേശി എം വിജയ് (24) എന്നയാളെയാണ് ഞായറാഴ്‌ച രാത്രി ചെന്നൈയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയും അമ്മയും നേരത്തെ പൊലീസിന്‍റെ പിടിയിലായിരുന്നു.
അറസ്റ്റിലായ വിജയ്‌യിൽ നിന്ന് ഏകദേശം അഞ്ച് പവൻ സ്വർണവും 700 ഗ്രാം വെള്ളി ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ശബരിമലയിലേക്കുള്ള യാത്രാമധ്യേ ചെന്നൈയിൽ വച്ചാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ 100 ഫീറ്റ് റോഡിലെ ജോസ് ആലൂക്കാസ് ഷോറൂമിൽ നവംബർ 28നായിരുന്നു മോഷണം നടന്നത്.
ജ്വല്ലറി ഷോറൂമിലെ ക്യാഷ് കൗണ്ടർ പരിശോധിച്ച് പണമില്ലാത്തതിനാൽ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് കൊണ്ടുപോകുകയായിരുന്നു. വിജയ്‌യിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും മോഷ്‌ടിച്ച ആഭരണങ്ങളിൽ 99 ശതമാനവും കണ്ടെടുത്തതായും സിറ്റി പൊലീസ് കമ്മിഷണർ വി ബാലകൃഷ്‌ണൻ അറിയിച്ചു.
മോഷ്‌ടിച്ച 3.2 കിലോ സ്വർണാഭരണങ്ങളുമായി വിജയ്‌യുടെ ഭാര്യ നമ്രത ഒരാഴ്‌ച മുമ്പാണ് പൊലീസ് പിടിയിലായത്. വിജയ്‌യുടെ ഭാര്യമാതാവായ യോഗറാണിയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. അവരിൽ നിന്ന് മോഷ്‌ടിച്ച 1.35 കിലോഗ്രാം ആഭരണങ്ങൾ പിടിച്ചെടുത്തു.
മോഷണത്തിന് ശേഷം ആനമലയിലെ സുഹൃത്തിന്‍റെ വീട് വാടകയ്‌ക്ക് ശേഷം താമസമാക്കാനായിരുന്നു പ്രതിയുടെ ശ്രമം. മോഷണത്തിന് മുമ്പ് വിജയ് ഭാര്യ നമ്രതയ്‌ക്കൊപ്പം സുഹൃത്തിനെ കാണാൻ ആനമലയിൽ എത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.