ന്യൂഡല്‍ഹി: ഇന്ത്യ (India) ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് (G20 Summit) യുഎസ് പ്രസിഡന്‍റ് (US President) ജോ ബൈഡനെ (Joe Biden) സ്വാഗതം ചെയ്യാനൊരുങ്ങി രാജ്യതലസ്ഥാനം (New Delhi). ഉച്ചകോടിയില്‍ പങ്കെടുക്കാനായി വെള്ളിയാഴ്‌ച (08.09.2023) ഡല്‍ഹിയിലെത്തുന്ന ബൈഡന്, ഐടിസി മൗര്യ ഷെരാട്ടണ്‍ ഹോട്ടലിലാണ് (ITC Maurya Sheraton Hotel) താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വരവ് പ്രമാണിച്ച് ഹോട്ടല്‍ പരിസരത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ജോ ബൈഡനും അദ്ദേഹത്തിനൊപ്പം എത്തുന്ന പ്രതിനിധികള്‍ക്കുമായി (Joe Biden and delegates) 400 മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ് (George W. Bush), ബില്‍ ക്ലിന്‍റണ്‍ (Bill Clinton), ബരാക് ഒബാമ (Barack Obama) എന്നിവര്‍ തങ്ങിയതും ഇതേ ഹോട്ടലില്‍ തന്നെയായിരുന്നു.
ഒരുങ്ങുന്നത് വമ്പന്‍ സുരക്ഷ: ജോ ബൈഡന്‍റെ സുരക്ഷ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ സീക്രട്ട് സര്‍വീസ് കമാന്‍ഡോകളെ ആഡംബര ഹോട്ടലിന്‍റെ ഓരോ നിലയിലും വിന്യസിക്കും. അദ്ദേഹത്തിന് തന്‍റെ രണ്ട് കിടപ്പുമുറികളില്‍ നിന്ന് ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലേക്കും തിരിച്ചും കൊണ്ടുപോവാന്‍ പ്രത്യേക എലിവേറ്ററും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷയിലേക്ക് കടന്നാല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകൾ (World's Most Expensive Cars), അത്യാധുനിക ആയുധങ്ങൾ, ബോംബ് ഡിറ്റക്‌ടറുകൾ, ഒരു കൺട്രോൾ റൂം, ഒരു സമാന്തര ആശയവിനിമയ സംവിധാനം എന്നിവയും ബൈഡനായി ഒരുങ്ങുന്നുണ്ട്.
ഒപ്പം മോദി - ബൈഡന്‍ കൂടിക്കാഴ്‌ച്ചയും: ജി 20 ഉച്ചകോടിയ്‌ക്കിടെ വെള്ളിയാഴ്‌ച രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയും നടക്കും. ഇതില്‍ ചെറിയ മോഡുലാർ ന്യൂക്ലിയർ റിയാക്‌ടറുകളുടെ സാധ്യത കരാർ, ഇന്ത്യൻ വിദ്യാർഥികൾക്ക് അനുയോജ്യമായ പ്രത്യേക അക്കാദമിക് പ്രോഗ്രാം, ഡ്രോൺ ഇടപാടുകള്‍, ജെറ്റ് എഞ്ചിനുകൾ ഉൾപ്പെടുന്ന പ്രതിരോധ കരാറിന് യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം സംബന്ധിച്ച്, യുക്രെയ്‌നിനായുള്ള സംയുക്ത മാനുഷിക സഹായം, ഇരു രാജ്യത്തും പുതിയ കോൺസുലേറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയവ ഇരു നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്. മാത്രമല്ല ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാവും.
ഒപ്പമുണ്ട് യുഎസ്: ഇക്കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, ഇന്ത്യയുടെ ജി 20 ഉച്ചകോടി ആതിഥേയത്വത്തിന് ജോ ബൈഡന്‍ പിന്തുണയറിയിക്കുകയും താന്‍ നേരിട്ട് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ ജോ ബൈഡന്‍റെ നേരിട്ടുള്ള വരവ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പടുത്തുന്നതിനുമുള്ള സാധ്യതകളും പ്രതിഫലിപ്പിക്കുന്നുണ്ട്.
ഉച്ചകോടിക്കായി ആരെല്ലാം എത്തും: ജി 20 ഉച്ചകോടിയില്‍ 29 രാജ്യങ്ങളുടെ രാഷ്‌ട്ര തലവന്മാരും യൂറോപ്യന്‍ യൂണിയനിലെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെയും തലവന്മാരും 14 അന്താരാഷ്‌ട്ര സംഘടനകളുടെ മേധാവികളും പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രിയായ റിഷി സുനകും ഉച്ചകോടിക്കായി നേരിട്ടെത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള റിഷി സുനകിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യ പര്യടനം കൂടിയാവും ഇത്.
ഉച്ചകോടിക്കായെത്തുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി, ഷന്‍ഗ്രില ലാ ഹോട്ടലിലാണ് തങ്ങുക. പ്രീമിയർ ലി ക്വിയാങ്ങിന്‍റെ നേതൃത്വത്തിലുള്ള ചൈനീസ് പ്രതിനിധി സംഘം തലസ്ഥാനത്തെ താജ് ഹോട്ടലില്‍ താമസിക്കുക. ആസിയാൻ ഉച്ചകോടിയിൽ (ASEAN Summit) പങ്കെടുത്ത ശേഷം ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ താമസം ലളിത് ഹോട്ടലിലാണ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ് പര്യടനം കഴിഞ്ഞ ശേഷം ജി 20 വേദിയിലെത്തുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ്, രാജ്യതലസ്ഥാനത്തെ ഇംപീരിയൽ ഹോട്ടലിലാണ് തങ്ങുക.