തിരുവനന്തപുരം : ജെഎന്‍ 1 എന്ന ഒമിക്രോണ്‍ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആശങ്കയേറുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കൊവിഡ് മരണവും അതീവ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് (JN1 omicrone variant). സംസ്ഥാനത്ത് ഒടുവിൽ റിപ്പോർട്ട് ചെയ്‌തത് ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ ജെഎൻ1 ആണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൽ ഒമിക്രോൺ ജെഎൻ1 ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് lNSACOG യുടെ പഠനത്തിലാണ് കണ്ടെത്തിയത്. lNSACOG ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ്. ഒമിക്രോണിന്‍റെ ഉപവകഭേദമാണിത്. ഇതിന് വ്യാപന ശേഷി കൂടുതലാണ്. ഒമിക്രോണിന്‍റെ വകഭേദത്തിൽപ്പെട്ട വൈറസ് ആണ് ഒമിക്രോൺ ജെഎൻ1.
നിലവിൽ മറ്റു രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഭൂരിഭാഗവും ജെഎൻ 1 വകഭേദമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത 1492 കൊവിഡ് കേസുകളിൽ 1324 കേസുകളും കേരളത്തിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളിൽ 298 കേസുകളും കേരളത്തിലാണ്. ഈ സാഹചര്യത്തിൽ ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശവും നൽകിയിരുന്നു. നിലവിൽ കൊവിഡ് പരിശോധന ഏറ്റവും കൂടുതൽ നടക്കുന്നതും കേരളത്തിലാണ്.
ദിനംപ്രതി 700 മുതൽ 1000 കൊവിഡ് പരിശോധന വരെ നടക്കുകയാണ്. കൊവിഡ് ബാധിച്ച് ഇന്നലെ കോഴിക്കോട് കുന്നുമ്മൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) മരിച്ചിരുന്നു. മരണത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.