റാഞ്ചി : ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സില്ലിയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചു. മുരി ഒപി പ്രദേശത്തെ പിസ്ക ഗ്രാമത്തില്‍ കിണറിടിഞ്ഞ് ഏഴുപേർ മണ്ണിനടിയിലായ അപകടത്തിലാണ് അഞ്ചുപേര്‍ മരിച്ചത്. അപകടത്തില്‍ രണ്ടുപേരെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.
സംഭവം ഇങ്ങനെ: കിണര്‍ ഇടിഞ്ഞുതാഴ്‌ന്നതോടെ സമീപത്തുണ്ടായിരുന്ന മൃഗം അതിനിടയില്‍ കുടുങ്ങി. ഈ സമയം മൃഗത്തെ പുറത്തെത്തിച്ച് രക്ഷിക്കാന്‍ നാലുപേര്‍ കിണറ്റിനടുത്തേക്ക് നീങ്ങി. ഇവര്‍ക്കൊപ്പം മൃഗത്തെ രക്ഷിക്കാന്‍ നാലുപേര്‍ കൂടി എത്തി. എന്നാല്‍ ഈ ശ്രമത്തിനിടെ ചുറ്റുപാടുമുള്ള മണ്ണ് കൂടി ഇടിഞ്ഞ് താഴുകയായിരുന്നു. ഇതോടെ ഏഴുപേര്‍ മണ്ണിനടിയിലായി.
തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ടുപേരെ സുരക്ഷിതമായി രക്ഷിച്ചുവെങ്കിലും അഞ്ചുപേര്‍ മരിച്ചിരുന്നു. മൃഗത്തെയും രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ എംഎല്‍എയും എജെഎസ്‌യു നേതാവുമായ സുധേഷ് മഹാതോയും പൊലീസും സ്ഥലത്തെത്തി.
Also Read: കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു; അന്വേഷണം ആരംഭിച്ച് സ്പെഷ്യൽ ബ്രാഞ്ച്