റാഞ്ചി : വിവാഹ വാഗ്‌ദാനം നല്‍കി കല്യാണം കഴിഞ്ഞ സ്‌ത്രീയുമായി ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വാഗ്‌ദാനം പിന്‍വലിക്കുകയും ചെയ്താല്‍ അത് പീഡനമായി കണക്കാക്കാന്‍ ആകില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അത് വിസമ്മതിക്കുകയും ചെയ്‌തു എന്നാരോപിച്ച് കല്യാണം കഴിഞ്ഞ യുവതി മനീഷ് കുമാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. യുവതിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് ദ്വിവേദി ഇത് പീഡനമായി കാണാനാകില്ലെന്ന് നിരീക്ഷിച്ചത്.
2019 ലാണ് മനീഷ് കുമാര്‍ യുവതിയെ പരിചയപ്പെടുന്നത്. ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയായിരുന്നു യുവതി അപ്പോള്‍. ഇതിനിടെ മനീഷ് കുമാര്‍ യുവതിക്ക് വിവാഹ വാഗ്‌ദാനം നല്‍കി. 2019 ഡിസംബറില്‍ ഒരു ക്ഷേത്രത്തില്‍ വച്ച് നെറ്റിയില്‍ സിന്ദൂരം അണിയിക്കുകയും പിന്നീട് ഇരുവരും നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തു.
എന്നാല്‍ 2021ഫെബ്രുവരിയില്‍ യുവതിയെ വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് മനീഷ് കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നല്‍കിയത്. ഐപിസി 406, 420, 376(2)(എന്‍) വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
താന്‍ വിവാഹിതയാണെന്നും യുവാവുമായി വിവാഹം നടക്കില്ലെന്നും ഉള്ള ബോധ്യത്തോടെ യുവതി സ്വമേധയാ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ 376(2)(എന്‍) വകുപ്പ് ചുമത്താന്‍ ആകില്ലെന്നും കോടതി പറഞ്ഞു. നേരത്തെയുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദു ചെയ്തിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കാന്‍ കീഴ്‌ക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്‌തു.