ജംഷഡ്‌പൂർ (ജാര്‍ഖണ്ഡ്) : പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് വസ്‌ത്രമഴിപ്പിച്ച് പരിശോധന നടത്തിയതില്‍ മനം നൊന്ത് വിദ്യാര്‍ഥി സ്വയം തീ കൊളുത്തി. ജാർഖണ്ഡിലെ ജംഷഡ്‌പൂരിലാണ് ദാരുണ സംഭവം. ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ജംഷഡ്‌പൂരിലെ ഭുയിയാംടീഹ് ഛായാ നഗറില്‍ വെള്ളിയാഴ്‌ച വൈകിട്ടോടെയാണ് സംഭവം. ശാരദ മണി ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിയെ ഹാളില്‍ നിന്ന് ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി ബലമായി വസ്‌ത്രമഴിപ്പിച്ച് പരിശോധന നടത്തിയിരുന്നു.
ഇതില്‍ മനം നൊന്ത്, വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിയെ ആദ്യം എംജിഎം ആശുപത്രിയിലും പിന്നീട് ടാറ്റ മെയിന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളാണ് സ്‌കൂളില്‍ നടന്നത് കുടുംബത്തെ അറിയിച്ചത്. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്ക് ആത്മഹത്യ ചിന്തകളുണ്ടെങ്കിലോ പരിചയത്തില്‍ അങ്ങനെ ആരെങ്കിലുമുണ്ടെങ്കിലോ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.