ഇംഫാൽ : മണിപ്പൂരില്‍ സംസ്ഥാന ഭരണ കക്ഷിയായ ബിജെപിയില്‍ ചേര്‍ന്ന്, ജെഡിയു (Janata Dal United) എംഎൽഎമാർ. അഞ്ച് പേരാണ് ജനതാദള്‍ പാര്‍ട്ടി വിട്ടത്. മണിപ്പൂർ നിയമസഭ സെക്രട്ടേറിയറ്റ് വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 2) പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമായത്.
ജോയ്‌കിഷൻ സിങ്, എന്‍ സനാതെ, മുഹമ്മദ് അച്ചാബ് ഉദ്ദീൻ, തങ്ജം അരുൺകുമാർ, എൽഎം ഖൗട്ടെ തുടങ്ങിയവരാണ് ബിജെപിയിലെത്തിയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അഞ്ച് ജെഡിയു എംഎൽഎമാര്‍ ബിജെപിയിൽ ലയിച്ചത് അംഗീകരിച്ചതായി സംസ്ഥാന നിയമസഭ സ്‌പീക്കർ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ബിഹാറില്‍ ജെഡിയു, എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് മണിപ്പൂരില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റത്. ഈ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളില്‍ 32 ഇടത്താണ് ബിജെപി നേട്ടം കൊയ്‌തത്.