ജയ്‌പൂർ: ബാർമർ അതിർത്തിയിലെ ഇന്ത്യൻ പ്രദേശത്ത് അബദ്ധത്തിൽ പ്രവേശിച്ച എട്ട് വയസുകാരനെ ബി.എസ്.എഫ് തിരിച്ചു നൽകി. വെള്ളിയാഴ്‌ച രാത്രിയാണ് കരീം എന്ന് പേരുള്ള കുട്ടിയെ ബി.എസ്.എഫ് ജവാൻമാർ പാകിസ്ഥാൻ റേഞ്ചേഴ്‌സിലേക്ക് തിരിച്ചയച്ചത്.
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് കരീം ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചത്. തിരികെ പോകാൻ പറഞ്ഞപ്പോൾ കരീം പേടിച്ച് കരയാൻ തുടങ്ങി. അതോടെ ജവാൻമാർ അവനെ ആശ്വസിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്‌തു. അബദ്ധത്തിൽ അതിർത്തി കടന്നെത്തിയതാണെന്ന് കുട്ടി പറഞ്ഞതോടെ പാകിസ്ഥാൻ റേഞ്ചറുമായി ബി.എസ്.എഫ് ഫ്ലാഗ് മീറ്റിങ് നടത്തി രാത്രി 7.30ഓടെ കരീമിനെ കൈമാറി. ബിഎസ്‌എഫ് ജവാൻമാരുടെ ഈ പ്രവർത്തനത്തെ അയൽരാജ്യം അഭിനന്ദിക്കുകയും ചെയ്തു.