ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്‍റേതായി (Shah Rukh Khan) ഏറ്റവും ഒടുവില്‍ റിലീസായ 'ജവാന്‍' ബോക്‌സോഫിസില്‍ മുന്നേറുകയാണ് (Jawan is unstoppable at the box office). സെപ്‌റ്റംബര്‍ 7ന് റിലീസായ ഷാരൂഖിന്‍റെ ആക്ഷന്‍ ത്രില്ലര്‍ രണ്ട് ആഴ്‌ച പിന്നിടുമ്പോള്‍ ബോക്‌സോഫിസിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.
ആഗോള - ഇന്ത്യന്‍ ബോക്‌സോഫിസില്‍ വിജയമായ സണ്ണി ഡിയോള്‍ നായകനായി എത്തിയ 'ഗദര്‍ 2' (Gadar 2) കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് അറ്റ്‌ലി കുമാര്‍ (Atlee Kumar) സംവിധാനം ചെയ്‌ത 'ജവാന്‍' (Jawan) തിയേറ്ററുകളിലെത്തി ബോക്‌സോഫിസില്‍ റെക്കോഡുകള്‍ സൃഷ്‌ടിച്ചത്. റിലീസ് ചെയ്‌ത് 13 ദിനത്തിനുള്ളില്‍ തന്നെ 'ജവാന്‍' ബോക്‌സോഫിസില്‍ 500 കോടി ക്ലബില്‍ ഇടംപിടിച്ചു.
എന്നാല്‍ 14-ാം ദിനത്തില്‍ ചിത്രം ബോക്‌സോഫിസ് കലക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 'ജവാന്‍' അതിന്‍റെ പ്രദര്‍ശനത്തിന്‍റെ രണ്ടാമത് ബുധനാഴ്‌ചയില്‍ കലക്ഷനില്‍ 15.3 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 14-ാം ദിനത്തില്‍ ഇന്ത്യയിൽ നിന്നും 12 കോടി രൂപ നേടിയേക്കാമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ ബോക്‌സോഫിസ് കലക്ഷനില്‍ ചിത്രം 520.06 കോടി രൂപ നേടിയേക്കും. പതിമൂന്നാം ദിനത്തില്‍ ചിത്രം വിദേശ വിപണയില്‍ നിന്നും 13 കോടി രൂപ കലക്‌ട് ചെയ്‌തപ്പോള്‍ 12-ാം ദിനത്തില്‍ 'ജവാന്‍' ഇന്ത്യയില്‍ നിന്നും നേടിയത് 16.25 കോടി രൂപയാണ്. എന്നാല്‍ 12 ദിനം കൊണ്ട് ചിത്രം ആഗോള തലത്തില്‍ 883.68 കോടി രൂപയും സ്വന്തമാക്കി.
കിംഗ് ഖാന്‍ നായകനായി എത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചെറുതാണെങ്കിലും ദീപികയുടെ സ്‌ക്രീന്‍ പ്രസന്‍സ് 'ജവാന്‍റെ' മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി മാറി. ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. മുന്‍നിര തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതി പ്രതിനായകന്‍റെ വേഷത്തിലും 'ജവാനി'ല്‍ എത്തിയിരുന്നു.
'ജവാന്‍റെ' വാണിജ്യ വിജയത്തോടെ, ബോളിവുഡിന്‍റെ രാജാവ്, താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2023ലെ ആദ്യ റിലീസായ 'പഠാനി'ലൂടെയും ഷാരൂഖ് ബോളിവുഡില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 2018ല്‍ റിലീസായ 'സീറോ'യ്‌ക്ക് ശേഷം നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
അതേസമയം ഈ വര്‍ഷം താരത്തിന്‍റേതായി മറ്റൊരു ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്. ഷാരൂഖ് നായകനാകുന്ന രാജ്‌കുമാര്‍ ഹിറാനിയുടെ 'ഡുങ്കി' ഡിസംബറിലാണ് റിലീസിനെത്തുക. 'ഡുങ്കി'യിലൂടെ ഒരു ഹാട്രിക് നേട്ടമാണ് ഷാരൂഖ് ലക്ഷ്യമിടുന്നത്.