ചെന്നൈ: കാര്‍ഷികനിയമങ്ങളില്‍ രാഹുല്‍ ഗാന്ധിയെയും ഡിഎംകെയും വിമര്‍ശിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോയെന്ന വിഷയത്തില്‍ തുറന്ന സംവാദത്തിന് ഇരു പാര്‍ട്ടി നേതാക്കളെയും പ്രകാശ് ജാവദേക്കര്‍ വെല്ലുവിളിച്ചു. ചെന്നൈയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
രാഹുല്‍ ഗാന്ധി പെട്ടെന്ന് പറയുന്നു കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും ഡിഎംകെയെയും തുറന്ന സംവാദത്തിനായി വെല്ലുവിളിക്കുന്നുവെന്നാണ് അദ്ദേഹം ചെന്നൈയില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രതിഷേധത്തെ സത്യാഗ്രഹം എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, പ്രതിഷേധത്തില്‍ കര്‍ഷകരെ ജനങ്ങള്‍ പിന്തുണക്കണമെന്ന് ട്വീറ്റ് ചെയ്‌തിരുന്നു. ശനിയാഴ്‌ചയോടെ കര്‍ഷക പ്രതിഷേധം 31ദിവസം പൂര്‍ത്തിയാവുകയാണ്. ഇതിനകം വിഷയത്തില്‍ കേന്ദ്രവും കര്‍ഷക സംഘടനകളും നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.