ന്യൂഡൽഹി : നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ തിങ്കളാഴ്ച ന്യൂയോർക്കിലേക്ക് പോകും. തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലും യുഎൻ രക്ഷാസമിതി യോഗത്തിലും മന്ത്രി പങ്കെടുക്കും.
അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ന്യൂയോർക്ക് സന്ദർശനം. യുഎൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലും മന്ത്രി അഫ്‌ഗാൻ വിഷയം ചർച്ചയ്ക്ക് വയ്ക്കും.
'സംരക്ഷകരെ സംരക്ഷിക്കുക: സാങ്കേതികവിദ്യയും സമാധാന പരിപാലനവും' എന്ന വിഷയത്തിൽ ഒരു തുറന്ന സംവാദമാണ് ഓഗസ്റ്റ് 18ന് മന്ത്രി പങ്കെടുക്കുന്ന പരിപാടി.
ആഗസ്റ്റ് 19ലെ പരിപാടി 'തീവ്രവാദ പ്രവർത്തനങ്ങൾ മൂലം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുണ്ടാകുന്ന ഭീഷണികൾ' എന്ന വിഷയത്തിലാണ്.
Also Read: സെപ്റ്റംബർ 27 മുതൽ സർക്കാർ സ്‌കൂളുകളിൽ 'ദേശഭക്തി' പാഠ്യപദ്ധതിയെന്ന് കെജ്‌രിവാൾ
യുഎൻ രക്ഷാസമിതിയുടെ പരിപാടികളുടെ ഭാഗമായി മറ്റ് അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജയ്‌ശങ്കര്‍ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.