ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന് പുതിയ രാഷ്‌ട്രീയ മാനം നൽകാൻ കോണ്‍ഗ്രസിനായെന്ന് മുതിർന്ന നേതാവ് ജയറാം രമേശ്. രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ പ്രത്യയശാസ്‌ത്ര അടിത്തറയ്‌ക്ക് മൂർച്ച കൂട്ടാൻ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി രാഷ്‌ട്രീയ വ്യവഹാരത്തിന് പുതിയ ദിശാബോധമാണ് നൽകിയത്. യാത്രയിലുടനീളം ഞങ്ങൾ ബിജെപിയെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബിജെപിയുടെ ആരോപണങ്ങൾക്കെതിരെയും, പ്രവർത്തികൾക്കെതിരെയും ഞങ്ങൾ പ്രതികരിച്ചുകൊണ്ടിരുന്നു. ഭാരത് ജോഡോ യാത്രയിലൂടെ രാഷ്ട്രീയ വ്യവഹാരത്തിൽ സംവാദത്തിന്‍റെ നിബന്ധനകളും ആഖ്യാനവും ക്രമീകരിക്കുന്നതിൽ ഞങ്ങൾ വലിയ തോതിൽ വിജയിച്ചുവെന്ന് ഞാൻ കരുതുന്നു, ജയറാം രമേശ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ ബിജെപി പരിഭ്രാന്തരായിരിക്കുകയാണ്. ഇപ്പോൾ ഞങ്ങളുടെ പിച്ചിലാണ് കാര്യങ്ങൾ നടക്കുന്നത്. ഞങ്ങൾ തയ്യാറാക്കിയ പിച്ചിലാണ് ഞങ്ങൾ ബിജെപിക്കെതിരെ കളിക്കുന്നത്. യാത്രയിലുടനീളം രാഹുൽ ഗാന്ധി ഉന്നയിച്ചത് ഇന്ത്യൻ പൗരൻമാരിൽ അഗാധമായ ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളാണ്. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്ര അടിത്തറയുടെ മൂർച്ച കൂട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പിനായുള്ള പ്രചാരണമല്ല ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇത് ആശയങ്ങളുടെ, പ്രത്യയശാസ്‌ത്രങ്ങളുടെ യുദ്ധക്കളം പിടിച്ചെടുക്കാനുള്ള ഒരു യാത്രയാണ്. തീർച്ചയായും ഭാരത് ജോഡോ യാത്ര വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച സ്വാധീനം ചെലുത്തും. ഐക്യവും, അച്ചടക്കവും, ലക്ഷ്യബോധവുമുണ്ടെങ്കിൽ ഭാരത് ജോഡോ യാത്രയുടെ സന്ദേശം മുന്നോട്ട് കൊണ്ടുപോകാനും തെരഞ്ഞെടുപ്പിൽ വിജയം നേടാനും നമുക്ക് സാധിക്കും, ജയറാം രമേശ് കൂട്ടിച്ചേർത്തു.