ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യയെ(57) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉദയ്വാലയിലുള്ള അദ്ദേഹത്തിന്‍റെ വസതിയിലാണ് കഴുത്തറുത്ത് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ വീട്ടുജോലിക്കാരനായ ജാസിര്‍ എന്നയാളെ സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്‌ടര്‍ ഓഫ് പൊലീസ് മുകേഷ് സിങ് പറഞ്ഞു. ആദ്യം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം പൊട്ടിയ ചില്ല് കുപ്പി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കൊലപ്പെടുത്തിയതിന് ശേഷം ശരീരത്തില്‍ തീകൊളുത്താനും പ്രതി ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലോഹ്യയുടെ വീട്ടിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരാണ് അദ്ദേഹത്തിന്‍റെ മുറിയില്‍ നിന്ന് തീപടരുന്നത് കണ്ടത്. എന്നാല്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയത് കൊണ്ട് തുറക്കാനായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. അപ്പോഴേക്കും ലോഹ്യ മരിച്ചിരുന്നു.
പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണിതെന്ന് പൊലീസ് ഡയറക്‌ടർ ജനറൽ ദിൽബാഗ് സിങ്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ലോഹ്യ. കഴിഞ്ഞ ഓഗസ്റ്റിലാണ് ലോഹ്യ ജമ്മു കശ്‌മീരിലെ ജയില്‍ ഡിജിപിയായി ചുമതലയേറ്റത്.