ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫലപ്രദമായ ചർച്ച നടത്തി. ഇന്ന് നടന്ന ചർച്ചയിൽ സമുദ്ര ഗതാഗത രംഗത്തെ സുരക്ഷയെ പറ്റി മോദി ആശങ്ക അറിയിക്കുകയും ചെയ്‌തു.
ഇസ്രായേലിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിലും രാജ്യത്തിന്‍റെ സുരക്ഷയും സമാധാനവും വീണ്ടെടുക്കുന്നതിൽ ഇന്ത്യ കൈക്കൊണ്ട നിലപാടും ഫോൺ സംഭാഷണത്തിൽ മോദി എടുത്തുപറഞ്ഞിരുന്നു. മേഖലയിലെ കടൽ ഗതാഗതത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്‌ച യെമനിലെ ഹൂതി തീവ്രവാദികൾ വിട്ട മിസൈൽ യെമൻ തീരത്തെ ചെങ്കടലിൽ വാണിജ്യ ടാങ്കറിൽ ഇടിച്ചത് വലിയ ആശങ്ക സൃഷ്‌ട്ടിച്ചിരുന്നു.
മാസങ്ങൾ നീണ്ട ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഒക്‌ടോബർ 7 മുതൽ ഏകദേശം 19,667 പലസ്‌തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. ഗാസയിൽ രണ്ട് മാസത്തിനിടയിൽ 52,586 പേർക്ക് പരിക്കേറ്റതായി ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്‌തിരുന്നു. ഗാസയിൽ 7,000 ഭീകരരെ വധിച്ചതായി ഇസ്രായേൽ മുൻപ് അറിയിച്ചിരുന്നു.
ഗാസയിലെ സൈനിക ആക്രമണത്തിൽ പ്രതിഷേധിച്ച് ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമിടുന്നത് ആശങ്ക സൃഷ്‌ട്ടിച്ചിരുന്നു. ഇത് ആഗോള വ്യാപാര മേഖലയിൽ എണ്ണ, ധാന്യം തുടങ്ങിയ ചരക്കുകളുടെ വിനിമയത്തെ ബാധിക്കും. ചരക്കുകളുടെ കയറ്റുമതി ചിലവ് വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാവും.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിലവിൽ ചെങ്കടലിലൂടെയുള്ള ഗതാഗത മാർഗങ്ങൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആഫ്രിക്കയ്ക്ക് ചുറ്റും ദീർഘ ദൂര യാത്ര നടത്തുക എന്നതാണ് മറ്റൊരു മാർഗം. ഇത് പല രാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങൾക്ക് ആശങ്ക സൃഷ്‌ട്ടിച്ചിരിക്കുകയാണ്.