പോര്‍ട് ബ്ലയര്‍: കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര നേടിയ സൈനികരുടെ പേരുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. വടക്ക്, മധ്യ ആന്‍ഡമാന്‍ ജില്ലയിലെ 16 ദ്വീപുകള്‍ക്കും തെക്കന്‍ ആന്‍ഡമാനിലെ അഞ്ച് ദ്വീപുകള്‍ക്കുമാണ് സൈനികരുടെ പേരുകള്‍ നല്‍കിയത്. ആന്‍ഡമാന്‍ സര്‍ക്കാരിന്‍റെയും പ്രതിരോധ മന്ത്രാലയത്തിന്‍റെയും സഹായത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.
ദ്വീപുകള്‍ക്ക് സൈനികരുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ആൻഡമാൻ നിക്കോബാർ ദ്വീപ് എംപി കുൽദീപ് റായ് ശർമ പറഞ്ഞു. 'നമ്മുടെ ധീര സൈനികരെ ആദരിക്കുന്നതിനായി ആൻഡമാനിൽ നിന്ന് 21 ദ്വീപുകൾ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ മാതൃരാജ്യത്തിനായുള്ള അവരുടെ പരമമായ ത്യാഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാര്‍ഥികള്‍ക്കായി ഒരു ചെറിയ കൈ പുസ്‌തകം പ്രസിദ്ധീകരിക്കാൻ ഭരണകൂടത്തോട് അഭ്യർഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങള്‍ കൊണ്ട് ആൻഡമാൻ നിക്കോബാർ ദ്വീപ് ഒരു തീർഥസ്ഥാനമാണ്. ഇപ്പോള്‍ പരംവീര്‍ ചക്ര നേടിയ സൈനികര്‍ക്കുള്ള ഇത്തരമൊരു ബഹുമതി ഞങ്ങള്‍ക്ക് അഭിമാനകരമാണ്', കുൽദീപ് റായ് ശർമ പറഞ്ഞു.
മേജര്‍ സോമനാഥ് ശർമ മുതല്‍ ക്യാപ്റ്റൻ വിക്രം ബത്ര വരെ: വടക്കും മധ്യ ആൻഡമാനിലുമുള്ള ആദ്യ ജനവാസമില്ലാത്ത ദ്വീപായ ഐഎന്‍എഎന്‍370 (INAN370) ഇനി മുതല്‍ മേജർ സോമനാഥ് ശർമയുടെ (സോമനാഥ് ദ്വീപ്) പേരിലാണ് അറിയപ്പെടുക. ആദ്യമായി പരംവീര്‍ ചക്ര നേടിയ സൈനികനാണ് മേജർ സോമനാഥ് ശർമ. 1947 നവംബർ മൂന്നിന് ശ്രീനഗർ എയർപോർട്ടിന് സമീപം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടലിലാണ് സോമനാഥ് ശര്‍മക്ക് ജീവന്‍ നഷ്‌ടമായത്.
ബദ്ഗാം യുദ്ധത്തിലെ അദ്ദേഹത്തിന്‍റെ ധീരതയ്ക്കും ത്യാഗത്തിനും മരണാനന്തരം പരമോന്നത സൈനിക ബഹുമതി ലഭിക്കുകയായിരുന്നു. ഐഎന്‍എഎന്‍308 (INAN308) എന്ന ദ്വീപിന് സുബേദാർ, ഓണററി ക്യാപ്റ്റൻ കരം സിങ്ങിന്‍റെ പേരാണ് നല്‍കിയത്. 1947-ലെ ഇന്ത്യ, പാകിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ് ക്യാപ്റ്റൻ കരം സിങ്. ഐഎന്‍എഎന്‍308 ദ്വീപ് ഇനി മുതല്‍ കരം സിങ് ദ്വീപ് എന്നാണ് അറിയപ്പെടുക.
മേജർ രാമ രഘോബ റാണെ, നായിക് ജാദുനാഥ് സിങ്, കമ്പനി ഹവിൽദാർ മേജർ പിരു സിങ് ഷെഖാവത്, ക്യാപ്റ്റൻ ഗുർബചൻ സിങ് സലാരിയ, ലെഫ്റ്റനന്‍റ് കേണൽ ധൻ സിങ് ഥാപ്പ മഗർ, സുബേദാർ ജോഗീന്ദർ സിങ് സഹനാൻ, മേജർ ഷൈതൻ സിങ് ഭാട്ടി, കമ്പനി ക്വാർട്ടർമാസ്റ്റർ ഹവിൽദാർ അബ്‌ദുല്‍ ഹമീദ്, ലെഫ്റ്റനന്റ് കേണൽ അർദേശിർ ബർസോർജി താരാപൂർ, ലാൻസ് നായിക് ആൽബർട്ട് എക്ക, കേണൽ ഹോഷിയാർ സിങ് ദാഹിയ, സെക്കൻഡ് ലഫ്റ്റനന്റ് അരുൺ ഖേതർപാൽ, ഫ്ളൈയിങ് ഓഫിസർ നിർമൽ ജിത് സിങ് സെഖോൺ, മേജർ രാമസ്വാമി പരമേശ്വരൻ, ക്യാപ്റ്റൻ ബാന സിങ്, ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡെ, സുബേദാർ മേജർ സഞ്ജയ് കുമാർ എന്നീ സൈനികരുടെ പേരുകളാണ് മറ്റു ദ്വീപുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
21 ദ്വീപുകളിൽ ചിലത് സംരക്ഷിത വനത്തിന് കീഴിലാണ്. ചിലത് വാട്ടർ സ്പോർട്‌സ്, ക്രീക്ക് ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് വലിയ സാധ്യതയുള്ള ദ്വീപുകളാണ്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലുകള്‍ ഏറെ പ്രധാനപ്പെട്ടവയാണ്. 1857-ലെ കലാപം, വഹാബി പ്രസ്ഥാനം, ബർമീസ് കലാപം തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്ത ആളുകളെ ആൻഡമാനിലേക്ക് നാടുകടത്തുകയും അവിടെ വച്ച് പ്രാകൃതമായ രീതിയില്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തിരുന്നു.
പുതിയ തലമുറ നമ്മുടെ രാജ്യത്തിന്‍റെ മഹത്തായ പൈതൃകവും ഭൂതകാലവും ഓര്‍ക്കാന്‍ സമയം കണ്ടെത്തുന്നില്ലെന്നും യുവാക്കൾക്ക് സൈനികരുടെ വീര കൃത്യങ്ങളെ കുറിച്ച് അറിയാന്‍ അവരുടെ ത്യാഗത്തിന്‍റെ സാക്ഷ്യപത്രമായ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത കേണല്‍ ദീപ്‌താങ്ഷു ചൗധരി പറഞ്ഞു. രാഷ്‌ട്രം ആസാദി കാ അമൃത് മഹോത്സവ് (ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക സ്‌മരണ) ആഘോഷിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇത്തരം ഒരു കാര്യം ഏറ്റവും നിർണായകമാകുമെന്നും കേണല്‍ ദീപ്‌താങ്ഷു ചൗധരി കൂട്ടിച്ചേര്‍ത്തു.