ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയിരുന്ന 40 കാരൻ ന്യൂഡൽഹിയിൽ പിടിയിലായി. ന്യൂഡൽഹിയിലെ മോഹൻ ഗാർഡനിൽ താമസിക്കുന്ന ദിലീപ് കുമാർ (40) ആണ് അറസ്റ്റിലായത്.ഇയാളെ യഥാർത്ഥ സൈനിക ഉദ്യോഗസ്ഥനായി തെറ്റിദ്ധരിച്ച് പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഹണി ട്രാപ്പിലൂടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതായും വിവരമുണ്ട്.
ഗ്രേറ്റർ കൈലാഷ് -1 ൽ വെച്ചാണ് ദിലീപ് കുമാർ ഗ്രേറ്റർ കൈലാഷ് പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇത്തരത്തിൽ പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഹണി ട്രാപ്പിലൂടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതായി അറിയാൻ കഴിഞ്ഞത്. കൂടാതെ ഇയാൾ നൂറിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണെന്നും നൂറിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള വാട്ട്‌സ്ആപ്പ് നമ്പറുകളുമായി പ്രതി ആശയസംവേദനം നടത്തിയിട്ടുണ്ട്.
Also read: കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചമൂടി പന്ത്രണ്ടാം ക്ലാസുകാരന്‍
മൊബൈൽ പരിശോധിച്ചപ്പോഴാണ് പ്രതി അന്താരാഷ്ട്ര നമ്പറുകളുമായി വീഡിയോ കോളുകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഇന്ത്യൻ ആർമിയുടെ ക്യാപ്റ്റൻ ശേഖർ ആയിട്ടാണ് പ്രതി ആൾമാറാട്ടം നടത്തിയത്. ചില വിദേശ പൗരന്മാരുമായി താൻ ചാറ്റ് ചെയ്തതായും ചില വീഡിയോകളും ചിത്രങ്ങളും അവരുമായി പങ്കിട്ടതായും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.