ന്യൂഡൽഹി : അന്തരിച്ച മുതിർന്ന ബോളിവുഡ് നടൻ സതീഷ് കൗശിക്കിന്‍റെ മരണത്തിന് പിന്നാലെ താരം താമസിച്ചിരുന്ന ഫാം ഹൗസിലെത്തി അന്വേഷണ സംഘം. ഡൽഹിയിലെ സൗത്ത്-വെസ്റ്റ് ജില്ല പൊലീസിന്‍റെ ക്രൈം ടീമാണ് ഫാം ഹൗസിലെത്തി പരിശോധന നടത്തിയത്. സംഘം ഫാം ഹൗസിൽ നിന്ന് ചില മരുന്നുകൾ കണ്ടെടുത്തതായി വിവരമുണ്ട്. അതേസമയം വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ബോളിവുഡിലെ മുതിർന്ന നടനും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കൗശിക് ബുധനാഴ്‌ച ഗുരുഗ്രാമിൽവച്ചാണ് അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഹോളി ആഘോഷത്തിനായി ഡൽഹിയിലെ സുഹൃത്തിന്‍റെ ഫാം ഹൗസിൽ എത്തിയ അദ്ദേഹം അവിടെവച്ചാണ് മരണപ്പെട്ടത്. അതേസമയം ഫാം ഹൗസിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് കണ്ടെത്താൻ ആഘോഷത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
നടൻ അനുപം ഖേർ ആണ് സതീഷ് കൗശിക്കിന്‍റെ വിയോഗ വാർത്ത ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മാർച്ച് ഏഴിന് മുംബൈയിൽ ശബാന ആസ്മിയുടെയും ജാവേദ് അക്തറിന്‍റെയും ഹോളി ആഘോഷത്തിൽ കൗശിക് പങ്കെടുത്തിരുന്നു. ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത സുഹൃത്തിന്‍റെ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ താരം ഡൽഹിയിലേക്കെത്തിയത്. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബഹുമുഖ പ്രതിഭ : നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും തന്‍റേതായ വ്യക്‌തി മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സതീഷ് കൗശിക്. 1956 ഏപ്രില്‍ 13ന് ഹരിയാനയില്‍ ആയിരുന്നു സതീഷ് കൗശിക് എന്ന സതീഷ് ചന്ദ്ര കൗശിക്കിന്‍റെ ജനനം. ന്യൂഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലും പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു അദ്ദേഹത്തിന്‍റെ പഠനം.
1980 കളുടെ തുടക്കത്തിലാണ് സതീഷ് സിനിമാലോകത്തേക്ക് എത്തുന്നത്. ആകർഷകമായ അഭിനയ പ്രകടനങ്ങൾ കൊണ്ടും അതുല്യമായ നർമ്മബോധം കൊണ്ടും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ സതീഷ് തന്‍റേതായൊരു സ്ഥാനം നേടിയെടുത്തു. 'മിസ്റ്റർ ഇന്ത്യ', 'സാജൻ ചലേ സസുരാൽ', 'ജുദായി' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ അദ്ദേഹം ബോളിവുഡിലെ ജനപ്രിയ താരങ്ങളിൽ ഒരാളായി മാറി.
കുന്ദൻ ഷായുടെ 1983 ലെ ക്ലാസിക് ജാനേ ഭി ദോ യാരോണിന് സംഭാഷണങ്ങൾ എഴുതിയിരുന്നത് സതീഷ് ആയിരുന്നു. 1990 ൽ രാം ലഖനിലെ പ്രകടനത്തിനും 1997ല്‍ സാജൻ ചലെ സസുരാലിലെ പ്രകടനത്തിനും മികച്ച ഹാസ്യ നടനുള്ള ഫിലിം ഫെയർ അവാർഡും സതീഷിനെ തേടിയെത്തി. 1993 ല്‍ പുറത്തിറങ്ങിയ ശ്രീദേവി എന്ന ചിത്രത്തിലൂടെ സതീഷ് സംവിധാന രംഗത്തേക്കും കടന്നു.
എന്നാൽ ശ്രീദേവിക്ക് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്‌ത 'രൂപ് കി റാണി ചോറോൻ കാ രാജ', 1995ൽ പുറത്തിറങ്ങിയ 'പ്രേം' എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫിസിൽ വലിയ പരാജയങ്ങളായി. തുടർന്ന് അദ്ദേഹം കുറച്ച് കാലത്തേക്ക് സംവിധാന രംഗത്ത് നിന്നും ഇടവേളയെടുത്തു. ശേഷം വീണ്ടും സംവിധാന കുപ്പായമണിഞ്ഞ 'ഹം ആപ്‌കെ ദിൽ മേ രേഹ്‌തേ ഹേ' എന്ന ചിത്രം ബോക്‌സോഫിസില്‍ വന്‍ വിജയമായി മാറി.