അമൃത്‌സർ : മദ്യപിച്ച് വിമാനത്തിലെ എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജലന്ധറിലെ കോട്‌ലി ഗ്രാമവാസിയായ രജീന്ദർ സിങ്ങാണ് പിടിയിലായത്. ദുബായിൽ നിന്ന് അമൃത്‌സറിലെത്തിയ ഇൻഡിഗോ നമ്പർ 6E 1428 വിമാനത്തിലാണ് സംഭവം.
വിമാനത്തിൽ വച്ച് മദ്യപിച്ച രജീന്ദർ ബഹളമുണ്ടാക്കുകയും വനിത എയർ ഹോസ്റ്റസിനെ ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി മാനേജരുടെ പരാതിയെ തുടർന്ന് രാജസൻസി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി.
ഇൻഡിഗോ എയർലൈൻസ് അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജർ അജയ് കുമാറിന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പ്രതിക്കെതിരെ ഐപിസി 354, 509 വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
യാത്രക്കാരനും എയർ ഹോസ്റ്റസും തമ്മിൽ തർക്കം ഇത് ആദ്യമല്ല : കുറച്ച് നാളുകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളില്‍ എയര്‍ ഹോസ്‌റ്റസും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം വൈറലായിരുന്നു. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഇസ്‌താംബുള്‍ - ഡല്‍ഹി വിമാനത്തിലെ യാത്രക്കാരനും എയര്‍ ഹോസ്‌റ്റസും തമ്മിലായിരുന്നു തര്‍ക്കം ഉണ്ടായത്. പരിമിതമായ ഭക്ഷണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്.
തർക്കത്തിനിടയിൽ "നിങ്ങൾ എനിക്കു നേരെ വിരല്‍ ചൂണ്ടി എന്നോട് അലറുന്നു. നിങ്ങൾ കാരണം എന്‍റെ സഹപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്. ഈ ഫ്‌ളൈറ്റില്‍ എണ്ണിത്തിട്ടപ്പെടുത്തിയ ഭക്ഷണം മാത്രമാണ് ഉള്ളതെന്ന് നിങ്ങള്‍ ദയവു ചെയ്‌ത് മനസിലാക്കണം. നിങ്ങള്‍ക്ക് അനുവദിച്ചത് മാത്രമെ നിങ്ങള്‍ക്ക് നല്‍കാനാവുകയുള്ളു" എന്ന് എയര്‍ ഹോസ്‌റ്റസ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. എയര്‍ ഹോസ്‌റ്റസ് സംസാരിക്കുന്നത് തടസ്സപ്പെടുത്തി "നിങ്ങള്‍ എന്തിനാണ് അലറുന്നത്" എന്ന് യാത്രക്കാരൻ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.
ആവർത്തിച്ച് യാത്രക്കാരുടെ അപമര്യാദകൾ : ഡൽഹി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി വാതിൽ മദ്യലഹരിയിൽ തുറക്കാൻ ശ്രമിച്ചയാൾക്കെതിരെ കേസെടുത്തിരുന്നു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ 6E 308 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതീക് (40) എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം), 290 (പൊതു ശല്യം), എയർക്രാഫ്റ്റ് ആക്‌ട് 1934 ന്‍റെ 11A (നിർദ്ദേശങ്ങൾ മനഃപൂർവ്വം പാലിക്കാത്തത്) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Also read : മദ്യലഹരിയിൽ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യുവാവ് പിടിയില്‍
ശുചിമുറിയിൽ പുകവലി : മാർച്ച് 30ന് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെയും പിടികൂടിയിരുന്നു. ബിഹാർ സ്വദേശി കൃഷ്‌ണ കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മുംബൈയിൽ ഇൻഡിഗോ വിമാനത്തിൽ ഗൊരഖ്‌പൂരിലേക്ക് പോകവേയാണ് സംഭവം. ശുചിമുറിയിൽ പുകനിറഞ്ഞതോടെ തീപിടിത്തം ഉണ്ടായതായി സൂചിപ്പിച്ച് വിമാനത്തിലെ ഫയർ അലാറം മുഴങ്ങുകയായിരുന്നു.
തുടർന്ന് സിഗരറ്റ് വലിച്ചതാണ് അലാറം മുഴങ്ങാൻ കാരണമെന്ന് ജീവനക്കാർ കണ്ടെത്തി. എയർലൈനിന്‍റെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു.