കൊവിഡ്-19 മഹാമാരിയെ പിടിച്ചുകെട്ടുന്ന കാര്യത്തില്‍ ഒരു രാഷ്ട്രം, സമൂഹം, വ്യക്തികള്‍ എന്നിങ്ങനെയുള്ള നിലകളില്‍ എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്? ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല ഇപ്പോള്‍. കാരണം രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യ സംവിധാനം മൊത്തത്തില്‍ അപര്യാപ്തമായിരിക്കുന്നു എന്ന് മാത്രമല്ല, ജനങ്ങള്‍ പ്രാണവായു കിട്ടാതെ പിടയുകയുമാണ്.
മഹാമാരിയുമായി ബന്ധപ്പെട്ട ജാഗ്രതകളില്‍ കുറവുണ്ടാകുന്നതിന്‍റെ അപകട സാധ്യതകളെ കുറിച്ച് ഡോക്ടര്‍മാരും പ്രത്യേകിച്ച് ഈ വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുമെല്ലാം ഭരണ തലപ്പത്തിരിക്കുന്നു അധികാരികൾക്ക് എപ്പോഴും മുന്നറിയിപ്പ് നല്‍കി കൊണ്ടിരുന്നതാണ്. പക്ഷെ അവരെല്ലാം അത് അവഗണിച്ച് എന്തോ നേടിയെടുത്ത പോലെ മുന്നോട്ട് പോവുകയായിരുന്നു. കൊവിഡ്-19 മഹാമാരിയുടെ ആദ്യ തരംഗത്തെ പിടിച്ചുകെട്ടുന്നതില്‍ നേടിയ വിജയത്തിന്‍റെ ആഹ്ലാദ പ്രകടനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സമൂഹത്തിലെ വൈദ്യ ശാസ്ത്രവുമായി ബന്ധമില്ലാത്ത വിഭാഗങ്ങളെല്ലാം തന്നെ അമിതാഹ്ലാദത്തോടേയാണ് അതിനെ വരവേറ്റത്.
വെറും 2.1 കോടി ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ ദ്വീപ് രാഷ്ട്രം 136.6 കോടി ജനങ്ങളുള്ള ഒരു രാഷ്ട്രത്തിന് തെരഞ്ഞെടുപ്പുകള്‍ നടത്തുവാനുള്ള പ്രചോദനമായി മാറി! കൊവിഡ് വൈറസ് ആദ്യഘട്ടത്തില്‍ ആഞ്ഞടിച്ച വേളയില്‍ ലോകത്താദ്യമായി തെരഞ്ഞെടുപ്പ് നടത്തിയ രാജ്യമായിരുന്നു ശ്രീലങ്ക. ഗോട്ടബായ സഹോദരന്മാര്‍ ശ്രീലങ്കയില്‍ അധികാരത്തിലേറി അധികം താമസിയാതെ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ബിഹാറും തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാര്‍ ഉണ്ടാക്കി. അന്ന് ഇന്നത്തെ പോലെ സ്ഥിതിഗതികള്‍ ഇത്ര വഷളായിരുന്നില്ല. എന്നിട്ടും ബിഹാറില്‍ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ മിക്ക റാലികളും വിര്‍ച്ച്വല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ രീതിയിലായിരുന്നു നടന്നത്. ജനങ്ങള്‍ക്കെല്ലാം സൗജന്യമായി പ്രതിരോധ കുത്തിവെയ്പ്പ് നല്‍കും എന്ന വാഗ്ദാനമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഇവിടെ ഉപയോഗിക്കുവാന്‍ (അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാനുള്ള അനുമതി) പ്രതിരോധ മരുന്നുകള്‍ക്ക് അനുമതി ലഭിച്ചപ്പോഴാകട്ടെ ഉല്‍പ്പാദിപ്പിച്ച മരുന്നെല്ലാം അയല്‍ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തു. പ്രതിരോധ കുത്തിവെയ്പ്പ് നയതന്ത്രത്തിന് ഇന്ത്യ നല്‍കിയ വില കനത്തതായിരുന്നു.
പ്രതിദിനം ഇന്ത്യയില്‍ മൂന്ന് ലക്ഷത്തില്‍പരം പേര്‍ കൊവിഡ് ബാധിതരായികൊണ്ടിരിക്കവെ ശ്മശാനങ്ങളിലും ക്രിമറ്റോറിയങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി. ഇത്രയും വലിയ ഒരു മഹാദുരന്തത്തില്‍ നിന്നും രണ്ട് കാര്യങ്ങള്‍ നമ്മളെ രക്ഷിക്കുമായിരുന്നു - മാസ്‌കുകളും പ്രതിരോധ കുത്തിവെയ്പ്പുകളും. കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചപോലെ ഇപ്പോള്‍ വീടുകളില്‍ പോലും ആളുകള്‍ മാസ്‌കുകള്‍ ധരിക്കുവാൻ തയാറായിക്കൊണ്ടിരിക്കുന്നു. അതുപോലെ പ്രതിരോധ കുത്തിവെയ്പ്പ് ഒച്ചിഴയുന്ന വേഗത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. നമ്മുടെ ജനസംഖ്യക്ക് ആനുപാതികമായി വന്‍ തോതില്‍ പ്രതിരോധ മരുന്ന് ഉല്‍പ്പാദിപ്പിക്കുവാനുള്ള സ്രോതസ്സുകളുടെ അപര്യാപ്തതയാണ് കാരണം. ലക്ഷ്യം നേടുവാന്‍ ഇനിയും നമുക്ക് മാസങ്ങളോളം സമയം വേണ്ടി വരും. അതുവരെ വൈറസിന്‍റെ വ്യാപനം പിടിച്ചുകെട്ടുവാന്‍ ജനങ്ങള്‍ സ്വയം കരുതലുകള്‍ എടുക്കുക മാത്രമേ വഴിയുള്ളൂ.
പ്രതിദിനം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുതിയ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തെ കുറിച്ച് പുറത്ത് വന്നു കൊണ്ടിരിക്കുന്ന വിവരങ്ങള്‍ വലിയ അപായ സൂചനയാണ് നല്‍കുന്നത്. സര്‍ക്കാരിന്‍റെ പ്രഖ്യാപന പ്രകാരവും വിദഗ്ധരുടെ അഭിപ്രായ പ്രകാരവും പ്രതിദിന കേസുകളുടെ എണ്ണം ഇനിയും അതിന്‍റെ ഉച്ചകോടിയില്‍ എത്തിയിട്ടില്ല. കൊവിഡ്-19ന്‍റെ ഉച്ചകോടി എത്രത്തോളം ഭീമമായിരിക്കുമെന്നുള്ള ചിന്ത ഏവരിലും ഭയവും വിറയലും ഉളവാക്കുകയാണ്.
ഇന്ത്യയിലുടനീളമുള്ള ശ്മശാനങ്ങളിലെ നീണ്ട നിരകള്‍ കൊവിഡ് എത്രത്തോളം ദുരന്തമാണ് വിതച്ചിരിക്കുന്നത് എന്നുള്ള കാര്യം വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ഉത്തരപ്രദേശും മഹാരാഷ്ട്രയും പോലുള്ള ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സംസ്ഥാനങ്ങളിലും രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലുമൊക്കെ. ഇതിനൊക്കെ കാരണമായിരിക്കുന്നത് സമൂഹം കൊവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതും ഔദ്യോഗിക തലത്തില്‍ അത് നടപ്പില്‍ വരുത്തുന്നതില്‍ ഉണ്ടായ വീഴ്ചകളുമൊക്കെയാണ്. ഇന്നിപ്പോള്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും വിശ്വാസമുള്ള നീതിന്യായ വ്യവസ്ഥയാണ് നമ്മുടെ ഭരണ വ്യവസ്ഥയെ അല്‍പ്പമെങ്കിലും തിരിച്ചറിവിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. രാജ്യം ഈ അദൃശ്യ ജീവിയുടെ കരാള ഹസ്തങ്ങളില്‍പെട്ട് ഉഴലുന്ന വേളയില്‍ അത്രയെങ്കിലും ആശ്വാസം ഉണ്ടായിരിക്കുന്നു.
ദക്ഷിണേന്ത്യയിലെ മദ്രാസ് ഹൈക്കോടതി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷനെ രാജ്യത്തുടനീളം കൊവിഡ്-19ന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ചതിനുള്ള ഏക കാരണക്കാരായി കണക്കാക്കി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരെ “കൊലകുറ്റത്തിന് അറസ്റ്റ് ചെയ്യേണ്ടിയിരിക്കുന്നു'' എന്നുപോലും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ തെരഞ്ഞെടുപ്പ് റാലികളെ പരാമര്‍ശിച്ചു കൊണ്ട് കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇങ്ങനെ ചോദിച്ചു. “തെരഞ്ഞെടുപ്പ് റാലികള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ അന്യഗ്രഹത്തിലായിരുന്നോ ഉണ്ടായിരുന്നത്?'' യഥാര്‍ത്ഥത്തില്‍ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടി കൊണ്ടിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പൊതു യോഗങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും ടെലിവിഷന്‍ സ്‌ക്രീനിലും മറ്റ് മാധ്യമങ്ങളിലും വന്നു കൊണ്ടിരുന്നത് കൊവിഡ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള വാര്‍ത്തകളേക്കാള്‍ കൂടുതലായിരുന്നു. ഇന്ത്യയിലെ കിഴക്കന്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ പ്രാദേശിക നേതാവ് മമതാ ബാനര്‍ജിക്ക് എതിരെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തിലാണ് ആരാണ് കൂടുതല്‍ വലിയ ജനക്കൂട്ടമുള്ള റാലികള്‍ നടത്തുന്നതില്‍ കേമന്മാര്‍ എന്ന മത്സരം കൂടുതലും അരങ്ങേറിയത്.
തങ്ങളുടെ റാലികളില്‍ പങ്കെടുക്കുവാനെത്തിയ ജനക്കൂട്ടത്തോടൊന്നും ഒരു രാഷ്ട്രീയ നേതാവും തന്‍റെ പ്രസംഗത്തില്‍ ജാഗ്രതയോടേയിരിക്കുവാന്‍ ആവശ്യപ്പെടുന്നതായി കണ്ടില്ല. ഇത്തരത്തിലുള്ള അലംഭാവ സമീപനങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ തെരഞ്ഞെടുപ്പിലെ വീറും വാശിയുമൊക്കെ കൊല്‍ക്കത്തയിലെ രണ്ടിലൊരു ബംഗാളിക്കും കൊവിഡ് ബാധിക്കുവാനും അവര്‍ അതിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നതിനും കാരണമായി മാറി. കൊല്‍ക്കത്തയില്‍ ആര്‍ടിപിസിആര്‍ പരിശോധനക്കെത്തുന്ന രണ്ടിലൊരാള്‍ക്ക് രോഗമുള്ളതായി സ്ഥിരീകരിക്കപ്പെടുന്നു എന്നതാണ് വാര്‍ത്തകള്‍ വരുന്നത്.
ഉത്തരപ്രദേശില്‍ നടന്ന കുംഭമേളയെ കുറിച്ചും ഇവിടെ പറയാതിരിക്കാന്‍ കഴിയില്ല. ആഴ്ചകളോളം ഒരേ സ്ഥലത്ത് ലക്ഷകണക്കിനാളുകള്‍ തടിച്ചു കൂടിയപ്പോള്‍ തുറസായ സ്ഥലത്ത് നടന്ന ഒരു പരിപാടിയാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. അത്തരം ഒരു കൂടിച്ചേരലില്‍ അപകട സാധ്യതകള്‍ ഇല്ലെന്ന് വിശ്വസിക്കാനാണ് അധികൃതര്‍ തയ്യാറായത്. ഇന്നിപ്പോള്‍ തങ്ങള്‍ക്കാവശ്യമായ സമയത്ത് തങ്ങളെല്ലാം നഗ്നമാംവിധം ലംഘിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളെ അതേ നേതാക്കന്മാര്‍ തന്നെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നു എന്ന ലജ്ജാകരമായ കാഴ്ചയാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്.