ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 14 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കി. തിങ്കളാഴ്‌ച വരെയുള്ള കണക്ക് പ്രകാരം 14.19 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്താകമാനം ഇതുവരെ നല്‍കിയത്. ഈ വര്‍ഷം ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 14,19,11,223 വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കി. കേരളം, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, യുപി, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ ഡോസിന്‍റെ 58.78 ശതമാനവും സംഭാവന ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ലക്ഷത്തിനടുത്ത് വാക്‌സിനേഷന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 6,85,994 പേര്‍ വാക്‌ശിന്‍ ആദ്യ ഡോസും. 3,09,344 പേര്‍ വാക്‌സിന്‍ രണ്ടാം ഡോസും സ്വീകരിച്ചു.
അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ 3.52 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 66,191 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 28 ലക്ഷത്തിലധികം പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. അതേ സമയം 1.13 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 2812 പേര്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു.
കൂടുതല്‍ വായനയ്‌ക്ക് ; രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കൊവിഡ് രോഗികൾ 3.5 ലക്ഷം