ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനിടെ വാക്സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വാക്സിന്‍ വിതരണം 86 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 30000 താഴെയാണ്. 26,041 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് ലക്ഷം കൊവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച ഒരു കോടി കൊവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും രാജ്യത്തെ ജനങ്ങളേയും ആരോഗ്യ പ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു. ഇത് അഞ്ചാം തവണയാണ് പ്രതിദിനം വാക്സിനേഷന്‍ ഒരു കോടി കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചു
ഒരു ദിവസം ഒരു കോടി വാക്സിന്‍ വിതരണം നടത്തുകയെന്ന ലക്ഷ്യം വീണ്ടും തങ്ങള്‍ കൈവരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കൊവിന്‍ പോര്‍ട്ടലില്‍ രാത്രി 10.30 വരെയുള്ള കണക്കനുസരിച്ച് 1,00,96,142 കൊവിഡ് വാക്സിനുകളുടെ വിതരണമാണ് നടന്നത്. 35 ലക്ഷം വാക്സിന്‍ നല്‍കി ഉത്തര്‍ പ്രദേശാണ് വാക്സിന്‍ വിതരണത്തില്‍ ഒന്നാമതെത്തിയത്.
ഇതോടെ രാജ്യത്തെ മൊത്തം വാക്സിന്‍ വിതരണം 86 കോടി കടന്നു. മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 86,93,79,970 കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയതത്. ഒക്ടോബര്‍ പകുതിയോടെ വാക്സിന്‍ വിതരണം 100 കോടി കടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 5നും 10നും ഇടയില്‍ ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യം. അതേസമയം സെപ്തംബര്‍ 17ന് രാജ്യത്ത് രണ്ട് കോടി വാക്സിന്‍ വിതരണം നടത്തി റെക്കോഡിട്ടിരുന്നു.