ന്യൂഡല്‍ഹി: ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിയ 117 പേര്‍ ക്വാറന്‍റൈനില്‍. മഞ്ഞപ്പിത്തത്തിന് പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയ ആളുകളെയാണ് ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഏഴുദിവസത്തെ ക്വാറന്‍റൈന് ശേഷം രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരെ വിട്ടയക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിരന്തരമായ രക്തച്ചൊരിച്ചിൽ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരെ സുഡാനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ഓപ്പറേഷന്‍ കാവേരിയും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ 1,191 ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്ത് എത്തിച്ചിട്ടുണ്ട്.
സുഡാനീസ് സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും വെടിനിർത്തൽ കരാർ ലംഘിച്ച് കൊണ്ടാണ് ഏറ്റുമുട്ടല്‍ തുടരുന്നതെന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്‌ച വൈകിട്ട് 365 ഇന്ത്യക്കാരെയാണ് ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട് സ്വന്തം രാജ്യത്ത് എത്തിയതിന്‍റെ സന്തോഷത്തിലും സമാധാനത്തിലുമായിരുന്നു അവര്‍ ഓരോരുത്തരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി ജയ്‌ശങ്കറിനും അവര്‍ നന്ദിയറിക്കുകയും ചെയ്‌തു.
Also Read: 'ഓപ്പറേഷൻ കാവേരി'യിൽ ഇൻഡിഗോയും; 231 ഇന്ത്യക്കാർ ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേക്ക്
യുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് 3,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഓപ്പറേഷന്‍ കാവേരിയ്‌ക്ക് രൂപം നല്‍കിയത്. പ്രശ്‌ന ബാധിത മേഖലകളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പോര്‍ട്ട് സുഡാനിലും പിന്നീട് സൗദി അറേബ്യന്‍ നഗരമായ ജിദ്ദയിലും എത്തിച്ച് അവിടെ നിന്ന് വിമാന മാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കുന്നതാണ് ഓപ്പറേഷന്‍ കാവേരി.
അതേസമയം സുഡാനില്‍ സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുകയാണ്. സുഡാനിലുള്ള തങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അതത് രാജ്യങ്ങള്‍.