പെഷവാര്‍: ഫേസ്‌ബുക്ക് വഴി പ്രണയത്തിലായ യുവാവിനെ തേടി പാകിസ്‌താനിലേക്ക് പോയ ഇന്ത്യന്‍ യുവതി മതം മാറിയ ശേഷം വിവാഹിതയായി. കാമുകനെ തേടി പാകിസ്‌താനിലെ വിദൂര ഗ്രാമത്തിലേക്ക് തിരിച്ച രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ അഞ്ജു (34) എന്ന യുവതിയാണ് ഇസ്‌ലാം മതം സ്വീകരിച്ച ശേഷം വിവാഹിതയായത്. പാകിസ്‌താനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ അപ്പർ ദിർ ജില്ല സ്വദേശിയായ നസ്‌റുള്ളയെ (29) വിവാഹം കഴിച്ച യുവതി ഫാത്തിമ എന്ന പേരും സ്വീകരിച്ചു.
ജില്ലാ സെഷൻസ് കോടതിയിൽ കനത്ത സുരക്ഷയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം നവദമ്പതികള്‍ ഭര്‍തൃവീട്ടിലേക്ക് മടങ്ങി. അതേസമയം 2019 ലാണ് ഇരുവരും ഫേസ്‌ബുക്ക് വഴി സുഹൃത്തുക്കളും പിന്നീട് പ്രണയത്തിലുമാവുന്നത്.
വിവാഹം ഇങ്ങനെ: നസ്‌റുള്ളയുടെയും അഞ്ജുവിന്‍റെയും വിവാഹം ഇന്ന് (25.07.2027) നടന്നു. അവര്‍ (അഞ്‌ജു) ഇസ്‌ലാം മതം സ്വീകരിച്ചതിന് പിന്നാലെയാണ് ശരിയായ രീതിയിലുള്ള നിക്കാഹ് നടന്നതെന്ന് അപ്പർ ദിർ ജില്ലയിലെ മൊഹറർ സിറ്റി പൊലീസ് സ്‌റ്റേഷനിലെ മുതിർന്ന ഓഫിസർ മുഹമ്മദ് വഹാബിനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. നസ്‌റുള്ളയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് ഇരുവരും അപ്പർ ദിറിലെ കോടതിയിൽ ഹാജരായതെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും വിവാഹം മലാകണ്ഡ് ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ നാസിർ മെഹ്മൂദ് സട്ടി സ്ഥിരീകരിക്കുകയും ചെയ്‌തു.
സ്വന്തം ഇഷ്ടപ്രകാരമാണ് നിക്കാഹിനുള്ള കടലാസില്‍ ഒപ്പിട്ടതെന്നുള്ള ഇവരുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. താൻ സ്വന്തം ഇഷ്‌ടപ്രകാരമാണ് പാക്കിസ്ഥാനിലേക്ക് വന്നതെന്നും ഇവിടെ വളരെ സന്തോഷത്തിലാണെന്നും യുവതി കോടതിയെ അറിയിച്ചു.
പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്: അതേസമയം വിവാഹത്തലേന്ന് കനത്ത സുരക്ഷയില്‍ ഇരുവരും യാത്ര നടത്തിയിരുന്നു. അപ്പര്‍ ദിര്‍ ജില്ലയെ ചിത്രൽ ജില്ലയുമായി ബന്ധിപ്പിക്കുന്ന ലവാരി തുരങ്കം ഇരുവരും സന്ദർശിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാത്രമല്ല പച്ചപ്പ് നിറഞ്ഞ പൂന്തോട്ടത്തിൽ കൈകോർത്ത് നിൽക്കുന്ന അഞ്ജുവിന്‍റെയും നസ്‌റുള്ളയുടെയും ചിത്രങ്ങളും പ്രചരിച്ചിരുന്നു.
പ്രണയം തേടി രാജ്യം വിട്ടു: ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി അഞ്ജു ഇന്ത്യന്‍ അതിർത്തി കടന്ന വിവരം വീട്ടുകാർ അറിയുന്നത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന പാകിസ്‌താന്‍ പൗരന്‍ നസറുള്ളയെ തേടിയായിരുന്നു യുവതി പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്‌തൂൺഖ്വയിലേക്ക് നീങ്ങിയത്. എന്നാല്‍ പാകിസ്ഥാനില്‍ എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാൽ യാത്ര രേഖകൾ പരിശോധിച്ച ശേഷം കുഴപ്പങ്ങളൊന്നും കണ്ടെത്താത്തതോടെ പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. അതേസമയം മാധ്യമ വാർത്തകളെ തുടർന്ന് രാജസ്ഥാൻ പൊലീസ് സംഘം അഞ്ജുവിനെ കുറിച്ച് അന്വേഷിക്കാനായി ഭിവാഡിയിലെ അവരുടെ വീട്ടിൽ എത്തിയിരുന്നു.