ന്യൂഡൽഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (ഐഒസി) 2022 ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ 1,993 കോടി രൂപയുടെ നഷ്‌ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5,941 കോടി രൂപ ലാഭമായിരുന്നു. ആഭ്യന്തര വിപണിയിൽ ഇന്ധനം കിഴിവിൽ വിറ്റതിനെ തുടർന്ന് ചെലവ് കുതിച്ചുയർന്നതാണ് നഷ്‌ടം രേഖപ്പെടുത്താനുള്ള പ്രധാന കാരണം.
എന്നാൽ കമ്പനിയുടെ വരുമാനം പ്രസ്‌തുത പാദത്തിൽ 63 ശതമാനം ഉയർന്ന് 2,51,933 കോടി രൂപയായി. മുൻ വർഷം ഇത് 1,55,056 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത ശുദ്ധീകരണ മാർജിൻ ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ ബാരലിന് 31.81 ഡോളറായിരുന്നു, ഒരു വർഷം മുമ്പ് ഇത് ബാരലിന് 6.58 ഡോളറായിരുന്നു.
2022-23 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കയറ്റുമതി ഉൾപ്പെടെ 24.648 ദശലക്ഷം ടൺ ഉത്‌പന്നങ്ങൾ കമ്പനി വിറ്റെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ എസ്.എം വൈദ്യ പറഞ്ഞു. അതേസമയം വെള്ളിയാഴ്‌ച(29.07.2022) ഐഒസിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ 1.18 ശതമാനം ഉയർന്ന് 72.95 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.