ബെംഗ്ലൂരു: വരും വർഷങ്ങളിൽ ഇന്ത്യൻ നാവികസേന ലോകത്തിലെ മികച്ച മൂന്ന് നാവികസേനകളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് തുടരുമെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. പ്രോജക്റ്റ് സീബേർഡ് എന്ന പേരിൽ നടക്കുന്ന പ്രതിരോധരംഗത്ത നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കാർവാറിൽ എത്തിയതായിരുന്നു മന്ത്രി.
പ്രോജക്റ്റ് സീബേർഡ്
ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ കരംബീർ സിംഗിനൊപ്പം പ്രോജക്ട് ഏരിയയിലും സൈറ്റുകളിലും കേന്ദ്രമന്ത്രി ആകാശ സർവേ നടത്തി. പ്രോജക്ട് സീബേർഡ് കോൺടാക്റ്റർമാരുമായും എഞ്ചിനീയർമാരുമായും കാർവാർ നേവൽ ബേസിലെ ഉദ്യോഗസ്ഥർ, നാവികർ, സിവിലിയൻ എന്നിവരുമായി പ്രതിരോധ മന്ത്രി സംവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.
പദ്ധതി പൂർത്തീകരിച്ചാൽ കാർവാർ നേവൽ ബേസ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായി മാറുമെന്നും പ്രതിരോധമന്ത്രി പ്രതികരിച്ചു. ഇത് സായുധ സേനയുടെ പ്രവർത്തന സന്നദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വ്യാപാരം, സമ്പദ്‌വ്യവസ്ഥ, മാനുഷിക സഹായ പ്രവർത്തനങ്ങൾ എന്നിവ വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയ്ക്ക് അഭിനന്ദനം
തന്ത്രപ്രധാനവും നയതന്ത്രവും വാണിജ്യപരവുമായ തലങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സമുദ്ര-ദേശീയ സുരക്ഷയ്ക്ക് വിലമതിക്കാനാവാത്ത സംഭാവന നൽകുന്ന സായുധ സേനയുടെ ശക്തമായ കരമായ ഇന്ത്യൻ നാവികസേനയെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.
7,500 കിലോമീറ്ററിലധികം കടൽത്തീരത്തിലൂടെയും 1,300 ദ്വീപുകളിലൂടെയും 2.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സാമ്പത്തിക മേഖലയിലൂടെയും രാജ്യത്തിന്‍റെ സംരക്ഷണ ചുമതല നാവികസേന വിജയകരമായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത 'സാഗർ' കേന്ദ്രീകരിച്ച് നാവികസേന തങ്ങളുടെ സമുദ്ര അയൽക്കാരുമായുള്ള ബന്ധം തുടർച്ചയായി ശക്തിപ്പെടുത്തുകയാണെന്നും സിംഗ് കൂട്ടിച്ചേർത്തു. 1961 ലെ ഗോവ വിമോചന യുദ്ധത്തിലും 1971 ലെ ഇന്തോ-പാക് യുദ്ധത്തിലും ഇന്ത്യൻ നാവികസേനയുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
കൊവിഡ് കാലത്ത് ലോകത്തിന് ആകെ സഹായം നൽകുന്നതിന് ഇന്ത്യൻ നാവികസേന നടത്തിയ ശ്രമങ്ങളെ പ്രതിരോധ മന്ത്രി പ്രശംസിച്ചു. "വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു, ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുള്ള നിർണായക ഉപകരണങ്ങൾ വിദേശത്ത് നിന്ന് കൊണ്ടു വരാൻ സഹായിച്ചു. ഇന്ത്യൻ നാവികസേന കൊവിഡിനെതിരായ പോരാട്ടത്തിൽ അശ്രാന്തമായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾക്കും ഇവർ സഹായം നൽകി," അദ്ദേഹം പറഞ്ഞു.
ആത്മനിർഭർ ഭാരത്
ഇന്ത്യൻ നാവികസേനയിൽ സ്വാശ്രയത്വം വർധിപ്പിക്കാനുള്ള ശ്രമത്തിൽ, നാവികസേനയുടെ നവീകരണ ബജറ്റിന്‍റെ മൂന്നിൽ രണ്ട് ഭാഗവും കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ തദ്ദേശീയ സംഭരണത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 'ആത്മനിർഭർ ഭാരത'ത്തോടുള്ള നാവികസേനയുടെ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 48 കപ്പലുകളിലും അന്തർവാഹിനികളിലും കണക്കിലെടുത്താൽ 46 എണ്ണവും തദ്ദേശീയമായി നിർമ്മിച്ചതാണ്.
'ഐഎൻഎസ് വിക്രാന്ത്' ഇന്ത്യയുടെ പൊൻതൂവൽ
നാവികസേനയുടെ തദ്ദേശീയ നിർമ്മാണത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമാണ് ഐഎൻഎസ് വിക്രാന്തെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശീയ നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്ത് കമ്മീഷൻ ചെയ്യുന്നത് ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഒരു സുപ്രധാന അവസരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022ഓടെ ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറും.
രണ്ടുദിന സന്ദർശനം
ഇന്ത്യയുടെ പ്രതിരോധരംഗത്ത നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാർവാറിൽ എത്തിയത്. രണ്ട് ദിവസത്തെ യാത്രയിൽ കൊച്ചിയും സന്ദർശിക്കും. വിമാനവാഹിനികളുടെ നിർമ്മാണവും നാവികസേനയുടെ വ്യോമതാവളവ നിർമ്മാണവുമാണ് പ്രതിരോധമന്ത്രി വിലയിരുത്തുന്നത്. ആത്മനിർഭർ ഭാരതിന്‍റെ ഭാഗമായി വിമാന വാഹിനികളും യുദ്ധ കപ്പലുകളും ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നതും വിലയിരുത്തപ്പെടും. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനികപ്പൽ കൊച്ചി കപ്പൽ നിർമ്മാണ ശാലയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
Also Read: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്‌ച കേരളത്തിലെത്തും
കാർവാറിൽ നാവികസേനയ്ക്കായി പ്രത്യേകം വിമാനതാവള സംവിധാനം ഒരുങ്ങുകയാണ്. 2025ൽ പൂർത്തിയാകും വിധമാണ് നിർമ്മാണം പുരോഗമിക്കുന്നത്. സീ-ബേർഡ് ഫേസ്-2 എന്ന നവീകരണ പദ്ധതിയാണ് പൂർത്തിയായി വരുന്നത്. ഐഎൻഎസ് കദംബ എന്ന പേരിലാണ് കാർവാറിലെ നാവികസേനാ താവളം അറിയപ്പെടുന്നത്.