ഹൈദരാബാദ്: ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്. ഖത്തര്‍ നാവിക സേനയ്ക്ക് പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയില്‍ പ്രവൃത്തിച്ചു വന്നവരായിരുന്നു ശിക്ഷിക്കപ്പെട്ട ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥരെല്ലാം. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാലാ, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിങ്ങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരവ് വസിഷ്ഠ്, മലയാളിയായ സെയ്‌ലർ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.
20 വര്‍ഷത്തിലേറെ ഇന്ത്യന്‍ നാവികസേനയില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചവരാണ് ഇവരൊക്കെയും. മിക്കവരും 60 വയസ്സ് കഴിഞ്ഞവരാണ്. പലരും ഇന്ത്യന്‍ നാവിക സേനയില്‍ പരിശീലകരായി പ്രവര്‍ത്തിച്ചവര്‍. ഇവരില്‍ പൂര്‍ണേന്ദു തിവാരി 2019 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് കൂടിയാണ്. പ്രവാസി ഭാരതീയര്‍ക്കുള്ള പരമോന്നത ബഹുമതി സ്വന്തമാക്കിയ പൂര്‍ണേന്ദു തിവാരി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തിയെന്ന് അന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി അന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി നോക്കിയത്. ഖത്തര്‍ സൈന്യത്തിന് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന കമ്പനിയുടെ ഉടമ മുന്‍ റോയല്‍ ഒമാന്‍ എയര്‍ ഫോഴ്സ് സ്ക്വാഡ്രണ്‍ ലീഡര്‍ ഖാമീസ് അല്‍ ആജ്മിയായിരുന്നു.
ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഇറ്റാലിയന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഇടത്തരം മുങ്ങിക്കപ്പലുകളടക്കം കമ്മീഷന്‍ ചെയ്യുന്നതില്‍ അല്‍ ദഹ്റ കമ്പനി രംഗത്തുണ്ടായിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് അല്‍ ദഹ്റ ഗ്ലോബല്‍ കമ്പനി ദോഹയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാരെല്ലാം അതേത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കാനുണ്ടായ കാരണം വ്യക്തമാക്കിയിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്ത് 30 ന് ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ആണ് അല്‍ ദഹ്റ ഗ്ലോബലിലെ ജീവനക്കാരായ 8 മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ ഇവര്‍ ഏകാന്ത തടവിലാണ്. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷമാണ് ഔദ്യോഗികമായി ഇന്ത്യയെ വിവരം അറിയിച്ചത്. അറസ്റ്റ് ചെയ്യാനുള്ള കാരണം ഇതേവരെ ഖത്തര്‍ ഭരണകൂടമോ ഇന്ത്യന്‍ വിദേശ കാര്യ അധികൃതരോ പുറത്തു വിട്ടിട്ടില്ല.
ഖത്തറിന്‍റെ സ്വന്തം മുങ്ങിക്കപ്പല്‍ പദ്ധതിയെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇവര്‍ ഇസ്രയേലിന് കൈമാറിയെന്ന കുറ്റമാണ് ഖത്തര്‍ ഭരണ കൂടം ചുമത്തിയിരിക്കുന്നതെന്ന് അനൗദ്യോഗിക വിവരമുണ്ട്. ഇവരുടെ ചാരപ്രവര്‍ത്തനത്തിന് മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഖത്തര്‍ വാദിക്കുന്നത്.
എട്ടു മാസത്തെ ഏകാന്ത തടവിന് ശേഷം മാര്‍ച്ച് 25 ന് ഇവരുടെ പേരിലുള്ള കുറ്റം ചുമത്തിക്കൊണ്ട് ഖത്തര്‍ നീതിന്യായ കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു. രഹസ്യ വിചാരണയായിരുന്നു നടന്നത്. ഇക്കാലത്തിനിടയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും ഇവരെ ജയിലില്‍ കാണാന്‍ അവസരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഇവരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ശേഷം ഇക്കഴിഞ്ഞ ഓഗസ്തില്‍ ഇവരുടെ ഏകാന്ത തടവ് അവസാനിപ്പിച്ച് മറ്റു തടവുകാരോടൊപ്പം മാറ്റിയിരുന്നതായും വിവരമുണ്ട്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിയാണ് ഖത്തര്‍ ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചത് എന്നതു കൊണ്ടു തന്നെ നയതന്ത്ര തലത്തില്‍ ഇടപെടുന്നതിന് ഇന്ത്യക്കു മുന്നില്‍ പരിമിതികളുണ്ട്. വിധിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വധശിക്ഷയില്‍ അതിയായ ആശങ്ക രേഖപ്പെടുത്തി. വിശദമായ വിധിപ്പകര്‍പ്പ് ലഭിക്കാന്‍ കാത്തിരിക്കുകയാണ് വിദേശ കാര്യ വകുപ്പ്.
ശിക്ഷിക്കപ്പെട്ട മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കുടുംബവുമായി നിരന്തരം വിദേശകാര്യ മന്ത്രാലയം ബന്ധം പുലര്‍ത്തുന്നുണ്ട്. അവരുടെ നിയമ പോരാട്ടത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ ഖത്തര്‍ അമീറിന് ദയാ ഹര്‍ജി സമര്‍പ്പിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മനുഷ്യാവകാശ നിയമ പ്രശ്നങ്ങള്‍ക്കപ്പുറം ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര പ്രശ്നമായും വിഷയം ഉയര്‍ന്നു വരുമെന്നുറപ്പാണ്. എട്ടു ലക്ഷത്തില്‍പ്പരം ഇന്ത്യക്കാരുള്ള ഖത്തറില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.