ന്യൂഡല്‍ഹി : അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യന്‍ വംശജനെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ വംശജനായ ബന്‍സാരി ലാലിനെയാണ് കാണാതായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും വക്താവ് അരിന്ദം ബാഗ്‌ചി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാബൂളില്‍വച്ചാണ് ഇയാളെ കാണാതായത്. അഫ്‌ഗാനിസ്ഥാനില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ബന്‍സാരിലാലിന് 50 വയസുണ്ട്.
തോക്ക് ചുണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോയെന്ന് വിവരം
തോക്ക് ചൂണ്ടിയശേഷം ഇയാളെ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്‍റ് പൂനീര്‍ സിംഗ് ചന്തോക്ക് പറഞ്ഞിരുന്നു. സെപ്തംബര്‍ 14ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. തുടര്‍ന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടത്.
ഹിന്ദു സിഖ് കുടുംബാംഗമായ ബന്‍സിലാലിനെ അഞ്ച് പേര്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയതായി തനിക്ക് വിവരം ലഭിച്ചതായി ഡല്‍ഹി ഗുരുദ്വാര മാനേജ്മെന്‍റ് പ്രസിഡന്‍റ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ ട്വിറ്ററില്‍ കുറിച്ചു. കാബൂളില്‍ നിന്നും നിരവധി പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം
അതേസമയം യുദ്ധസമാനമായ സാഹചര്യത്തില്‍ അഫ്‌ഗാനില്‍ കുടുങ്ങിയവരെ എങ്ങനെ രക്ഷിക്കാനാകുമെന്ന് പറയാനാകില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഇനിയും പുനരാരംഭിച്ചിട്ടില്ല. നിലവില്‍ ഇവിടെ നിന്നും 800 പേരെ സുരക്ഷിതരായി തിരിച്ചെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിടുത്തെ സ്ഥിതിഗതികള്‍ രാജ്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വായനക്ക്: നീറ്റ് പരീക്ഷാഭയം ; ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ഥിനി