ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സിയാച്ചിൻ മഞ്ഞുമലയില്‍ ടെന്‍റുകള്‍ക്ക് തീപടര്‍ന്ന് സൈനികൻ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
സംഭവം ഇങ്ങനെ: ഇന്ന് (ബുധനാഴ്‌ച) പുലര്‍ച്ചെ 3.30 നാണ് സിയാച്ചിന്‍ മഞ്ഞുമലയിലുള്ള ഇന്ത്യന്‍ ആര്‍മിയുടെ നിരവധി ടെന്‍റുകളില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഒരു സൈനികൻ മരണപ്പെട്ടു. ആറ് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മൂന്നുപേരെ ചികിത്സയ്ക്കായി ചണ്ഡിഗഡിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു. വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരുന്ന ബങ്കറിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. .
നിർഭാഗ്യകരമായ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ റെജിമെന്‍റ് മെഡിക്കൽ ഓഫിസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് മരണത്തിന് കീഴടങ്ങിയതായും മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്ക് പുക ശ്വസിച്ചത് മൂലമുള്ള ബുദ്ധിമുട്ടും നേരിയ പൊള്ളലേൽക്കുകയും ചെയ്തതായി ലേയിലെ ഡിഫൻസ് പിആർഒ ലഫ്റ്റനന്‍റ് കേണൽ പി.എസ് സിദ്ധു അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 2011ലും സിയാച്ചിൻ മഞ്ഞുമലയിലുണ്ടായ സമാനമായ സംഭവത്തിൽ രണ്ട് ലഫ്റ്റനന്‍റ് റാങ്കിലുള്ള ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപകടങ്ങള്‍ പതിയിരിക്കുന്ന സിയാച്ചിന്‍: കേന്ദ്ര ഭരണപ്രദേശമായ ലഡാക്കില്‍ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലായാണ് 71 കിലോമീറ്റർ നീളമുള്ള ലോകത്തിലെ വലിയ മഞ്ഞുമലകളിലൊന്നായ സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടത് പ്രതികൂലമായ അന്തരീക്ഷം മൂലവും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലുമായാണ്. കഠിനമായ കാലാവസ്ഥ കാരണം മൂന്ന് മാസത്തേക്ക് ഒരു സൈനികനെ മാത്രമാണ് സിയാച്ചിനിൽ നിയോഗിക്കാൻ കഴിയുന്നത്.
കഴിഞ്ഞ 37 വര്‍ഷത്തിനിടെ കഠിനമായ ഭൂപ്രകൃതി, അതികഠിനമായ കാലാവസ്ഥ, ശത്രുക്കളുടെ വെടിവയ്പ്പ്, മറ്റ് ഘടകങ്ങൾ എന്നിവയുടെ ഫലമായി 800-ലധികം സൈനികര്‍ക്കാണ് സിയാച്ചിനില്‍ ജീവന്‍ നഷ്‌ടപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൈനിക വാഹനത്തിലെ പൊട്ടിത്തെറി: അടുത്തിടെ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സൈനിക വാഹനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു സൈനികനും ഗ്യാരേജ് തൊഴിലാളികളായ ബിശ്വാസ്, സഞ്ജയ് സർക്കാർ, ചിറ്റ സർക്കാർ എന്നിവര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരവുമായിരുന്നു. വാഹനത്തിലെ ഏസി മെഷീനില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സിലിഗുരിയിലെ പഞ്ചാബി പാറയിലായിരുന്നു സംഭവം. ഗാരേജിലെ തൊഴിലാളികളായ മൂവരും സൈനിക വാഹനത്തിന്‍റെ എസി മെഷീനിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വിവരണം. സംഭവത്തെ തുടര്‍ന്ന് മേയര്‍ മാണിക് ഡേ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞിരുന്നു. മാത്രമല്ല സമീപത്തുണ്ടായിരുന്നവരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ തേടിയിരുന്നു.
Also Read: CRIME | ഭാര്യയെയും കുഞ്ഞിനെയും തീക്കൊളുത്തി കൊന്ന് സൈനികന്‍ ; 8 വയസുകാരി ചികിത്സയില്‍