ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയിലൂടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഇന്നലെ(12.07.2022) അർധരാത്രിയാണ് പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമം നടന്നതെന്ന് കേണൽ ദേവന്ദർ ആനന്ദ് പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പൂഞ്ചിലെ ഖാരി മേഖലയിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷയും വ്യാപക അന്വേഷണവും ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്‌ച ശ്രീനഗറിലെ ലാൽ ബസാർ മേഖലയിലെ പൊലീസ് ചെക്ക് പോസ്‌റ്റിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എഎസ്‌ഐ മുഷ്‌താഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പൊലീസ് തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു.