ന്യൂഡൽഹി: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് നാല് ക്രയോജനിക്ക് ഓക്‌സിജൻ കണ്ടയ്‌നറുകൾ എയർ ലിഫ്റ്റ് ചെയ്‌ത് ഇന്ത്യൻ വ്യോമ സേന. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഗുരുതരമായി തുടരുന്നതിനാൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായാണ് ഇപെടൽ. ഇന്ത്യയ്ക്ക് വ്യോമസേനയുടെ സി -17 വിമാനമാണ് ദൗത്യം പൂർത്തീകരിച്ചത്. ഡൽഹിക്ക് സമീപമുള്ള ഹിന്ദോൺ എയർബേസിലേക്കാണ് ഓക്‌സിജൻ എത്തിച്ചത്.
ഇതിനോടൊപ്പം, യുകെയിലെ ബ്രൈസ് നോർട്ടണിൽ നിന്ന് 450 ഓക്‌സിജൻ സിലിണ്ടറുകളും തമിഴ്‌നാട്ടിലെ ചെന്നൈ എയർബേസിലേക്ക് വിമാനമാർഗം എത്തിച്ചു. കൂടാതെ സി -17 വിമാനങ്ങൾ രണ്ടെണ്ണം വീതം ക്രയോജനിക് ഓക്‌സിജൻ കണ്ടയ്‌നറുകൾ ചണ്ഡിഗഡിൽ നിന്ന് ഭുവനേശ്വർ വരെയും ജോധ്പൂരിൽ നിന്ന് ജാംനഗർ വരെയും ഹിന്ദോണിൽ നിന്ന് റാഞ്ചി വരെയും ഇൻഡോറിൽ നിന്ന് ജാംനഗർ വരെയും ഹിന്ദോണിൽ നിന്ന് ഭുവനേശ്വർ വരെയും വിമാനമാർഗം എത്തിച്ചതായി വ്യോമസേന അറിയിച്ചു.
സി-17 വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഓക്‌സിജൻ കണ്ടയ്‌നറുകൾ സിംഗപ്പൂരിൽ നിന്ന് എത്തിക്കാനും പദ്ധതികളുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി ഈ നീക്കം ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രാലയം അറിയിച്ചു.