ന്യൂഡൽഹി: ഇന്ത്യയിൽ 3,016 പുതിയ കൊവിഡ് കേസുകൾ കൂടി. വ്യാഴാഴ്‌ച പുറത്ത് വിട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കേസുകളാണിവ. ഇതോട് കൂടി സജീവ കേസുകൾ 13,509 ആയി ഉയർന്നു.
അതേസമയം കഴിഞ്ഞ വർഷം ഇതേ സമയം ഒക്‌ടോബർ രണ്ടിന് 3,375 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നത്. രാജ്യത്ത് പുതുതായി 14 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പുതിയ 14 മരണങ്ങളോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,30,862 ആയി ഉയർന്നു. രാവിലെ 8 മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകൾ അനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനവുമാണ്. രോഗബാധിതരുടെ എണ്ണം 4.47 കോടിയാണ് (4,47,12,692).
ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇപ്പോൾ സജീവമായ കേസുകൾ മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്. രോഗം ഭേദമായവരുടെ എണ്ണം 4,41,68,321 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്‍റെ രാജ്യവ്യാപകമായ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.65 കോടി ഡോസ് കൊവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്.
ഒളിച്ച് കളിച്ച് കേരളം: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഏറ്റവുമധികം മരണങ്ങൾ സംഭവിക്കുന്നതും കേരളത്തിലാണ്. 24 മണിക്കൂറിനിടെ നടന്ന 14 കൊവിഡ് മരണങ്ങളിൽ എട്ട് എണ്ണം നടന്നത് കേരളത്തിലാണ്. എന്നാൽ കേരളം കേസുകളുടെ കണക്ക് പരസ്യമാക്കുന്നില്ല എന്നും പനി ബാധിച്ചവരിൽ പോലും വേണ്ട വിധം കൊവിഡ് പരിശോധന നടത്തുന്നില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.