ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് നിരക്കില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തി ഇന്ത്യ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനകം (2021 ഏപ്രില്‍ 20 -21) 3,14,835 പേര്‍ കൊവിഡ് ബാധിതരായി. ഒരു ദിവസം ഇത്രയും രോഗികള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തില്‍ തന്നെ ആദ്യമാണ്. ഇതിനു മുമ്പ് ജനുവരി എട്ടിന് അമേരിക്കയില്‍ രേഖപ്പെടുത്തിയതാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. അന്ന് 307581 പേര്‍ക്കാണ് ഒരു ദിവസം കൊവിഡ് ബാധിച്ചത്. ഇതിനു ശേഷം ലോകത്ത് ഇതാദ്യമാണ് ഈ കണക്കിനെ ഒരു രാജ്യം മറി കടക്കുന്നത്. നേരത്തേ കൊവിഡ് വ്യാപനത്തിൽ ഇന്ത്യ ബ്രസീലിനെ മറികടന്നിരുന്നു.
മരണത്തിലും മുന്നേറി രാജ്യം
അതോടൊപ്പം പ്രതിദിന മരണനിരക്കും ഇന്ത്യയില്‍ അതിവേഗം ഉയരുകയാണ്. ഇന്ന് രേഖപ്പെടുത്തിയ മരണം 2104 ആണ്. ഇന്നലെ 2023 പേരാണ് മരിച്ചത്. അതിതീവ്രമായി ഇന്ത്യയില്‍ കൊവിഡ് പടരുന്നതായാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
നിലയില്ലാതെ കേരളവും
സംസ്ഥാനത്തും കൊവിഡ് പിടിവിട്ട് മുന്നേറുകയാണ്. ഇന്നലെ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലേക്ക് ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 22,414 പേര്‍ക്ക്. 22 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,000 ആയി. 1,35,631 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഓക്സിജൻ ലഭ്യതകുറവും മരണവും
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ രണ്ട് ആശുപത്രികളിൽ ഓക്‌സിജന്‍റെ അഭാവം മൂലം പത്ത് കൊവിഡ് രോഗികൾ മരിച്ചു. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിക്കുന്നത്. ഓക്‌സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് ദീസയിലെ ഒരു ആശുപത്രിയിൽ ഒറ്റദിവസം കൊണ്ട് ഐസിയുവിലായിരുന്ന അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് നേരത്തേ ധനേരയിൽ നിന്നും ഓക്‌സിജൻ എത്തിച്ചിരുന്നു.
എന്നാല്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ചയെത്തുടര്‍ന്നാണ് 22 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചത്. നാസിക്കിലെ ഡോക്ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം.