അഹമ്മദാബാദ്: സമയം രാവിലെ 9 മണി. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ആവേശകരമായ മല്‍സരത്തിന് അഹമ്മദാബാദും നരേന്ദ്രമോദി സ്റ്റേഡിയവും ഒരുങ്ങിക്കഴിഞ്ഞിരുന്നു. ആരാധകർ കൂട്ടമായി എത്തുകയാണ്. സ്റ്റേഡിയത്തിലേക്ക് നീളുന്ന വഴികളിലെല്ലാം ചില്ലറക്കച്ചവടക്കാര്‍... മത്സരം തുടങ്ങാൻ ഇനിയും സമയമുണ്ട്...
കച്ചവടക്കാർക്ക് ചാകര: സ്റ്റേഡിയത്തിലെ രണ്ടാം നമ്പര്‍ ഗോറ്റില്‍ നിന്ന് ഒരു ഫര്‍ലോങ്ങ് മാത്രമകലെയാണ് പ്രവീണിന്‍റേയും നമ്രതയുടേയും സ്റ്റാള്‍. വീറ്റ് പഫ്‌സും പോപ്പ്കോണും പയര്‍ ചാട്ടും ഒക്കെ വില്‍ക്കുന്ന സ്റ്റാള്‍. സ്റ്റാള്‍ നടത്തിപ്പുകാര്‍ ചില്ലറക്കാരല്ല. അഹമ്മദാബാദിലെ എണ്ണം പറഞ്ഞ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് പ്രവീണ്‍. നമ്രത എഞ്ചിനീയറും. സ്റ്റേഡിയത്തിന് വളരെ അകലെയല്ലാതെ താമസിക്കുന്ന ഇരുവരും ആദ്യമായാണ് കച്ചവടത്തില്‍ ഒരുകൈ നോക്കുന്നത്.
തങ്ങളുടെ ബിസിനസ് തന്ത്രം വിജയിക്കുമോ എന്ന് പരീക്ഷിക്കാന്‍ അവര്‍ ഈയവസരം തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. തങ്ങളുടെ ബിസിനസ് പ്ലാനിനെപ്പറ്റി നമ്രതപറയുന്നു. " ഞങ്ങളുടെ മുന്നിലൂടെ ചുരുങ്ങിയത് 30000 കാണികളെങ്കിലും സ്റ്റേഡിയത്തിലേക്ക് പോകും അവരില്‍ 300 പേരെങ്കിലും ഞങ്ങളുടെ സ്റ്റാളില്‍ നിന്ന് ലഘു ഭക്ഷണം വാങ്ങിയാല്‍ ഞങ്ങള്‍ ലാഭത്തിലായി."
കോലി ടീ ഷര്‍ട്ടുകള്‍ക്കും വുവുസലകള്‍ക്കും വന്‍ ഡിമാന്‍റാണ്. അമ്പരപ്പിക്കുന്ന നിറങ്ങളിലുള്ള ടീഷര്‍ട്ടുകള്‍, 50 രൂപക്ക് കിട്ടുന്ന വുവുസെല, ടീം ഇന്ത്യ ക്യാപ്പുകള്‍, മുഖത്തൊട്ടിക്കാവുന്ന ത്രിവര്‍ണ്ണ പ്രിന്‍റുകള്‍, കൊടികള്‍, മാസ്കുകള്‍, ലഘു ഭക്ഷണ വില്‍പ്പനക്കാര്‍, സോഡ വില്‍പ്പനക്കാര്‍...
100 കോലി ടീ ഷര്‍ട്ടകള്‍ വാങ്ങി അഹമ്മദാബാദ് സ്റ്റേഡിയത്തിന് മുന്നില്‍ ഇന്നലെ മുതല്‍ വില്‍പ്പന തുടങ്ങി ഇരുന്നൂറ് രൂപ നിരക്കില്‍ എണ്‍പതെണ്ണം ഇന്നലെത്തന്നെ വിറ്റുപോയി. ബാക്കിയുള്ളതും കൂടി വില്‍പന നടത്തിയിട്ട് വേണം മടങ്ങാനെന്ന് പറയുകയാണ് കച്ചവടക്കാരനായ രാഹുല്‍. കച്ചവടക്കാർ രാജ്കോട്ടില്‍ നിന്നും ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമൊക്കെ എത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ മോട്ടേര മെട്രോ സ്റ്റേഷന്‍റെ പില്ലറുകളിലൊന്നിന് താഴെ ഇരിക്കുന്ന സുനിത ഡല്‍ഹിയില്‍ നിന്ന് 20 രൂപ നിരക്കില്‍ 100 വുവുസെലകള്‍ വാങ്ങിയെത്തിയാണ് വില്‍പന നടത്തുന്നത്. പതിനഞ്ചുകാരന്‍ അശ്വിനും ജേഷ്‌ഠനും ത്രിവര്‍ണ്ണ പതാകകളിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്. പതാകകളുടെ വലിപ്പമനുസരിച്ച് 10 രൂപക്കും മുപ്പത് രൂപക്കും 50 രൂപക്കും 100 രൂപക്കും ഇവർ ദേശീയ പതാക വില്‍ക്കുന്നു.
പരന്നൊഴുകി നീല നിറം: സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കാണ്... ഇന്ത്യയുടെ നീല ജഴ്‌സിയണിഞ്ഞ് കൂട്ടമായെത്തുന്നവർ... കോലി ആരാധകരുടെ വന്‍പട, അവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ആരാധകരുടെ ഒഴുക്കുമുണ്ട്...
സമയം രണ്ട് മണി: സ്റ്റേഡിയത്തിലെ താപനില 36 ഡിഗ്രിയിലധികം...ആദ്യം പ്രശസ്‌ത ബോളിവുഡ് ഗായകൻ അരിജിതിന്‍റെ ഷോയാണ്. സംഗീത വിസ്‌മയത്തിനൊപ്പം 1,32,000 കാണികള്‍ കാഴ്ചയുടെ പൂരത്തിന് തയ്യാറായി. ഇന്ത്യൻ നായകൻ രോഹിത് ശർമയും പാക് നായകൻ ബാബർ അസമും ടോസിനായി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. അയല്‍ക്കാരുടെ ക്രിക്കറ്റ് പോരാട്ടത്തിന് പൂരം കൊടിയേറിയപ്പോൾ ആവേശം അതിർത്തി കടന്നു കഴിഞ്ഞു. പാകിസ്ഥാന്‍റെ ഓരോ വിക്കറ്റ് വീഴുമ്പോഴും അഹമ്മദാബാദ് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു.