ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയിലേക്ക് യാത്രാനുമതി. ഒക്‌ടോബർ 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും രാജ്യത്തേക്ക് യാത്രാനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ വിസ നൽകുന്നതിലും അന്താരാഷ്‌ട്ര യാത്രയിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതായും മന്ത്രാലയം അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന വിദേശികൾക്ക് ഒക്‌ടോബർ 15 മുതൽ പുതിയ വിസ നൽകുമെന്നും സാധാരണ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നവംബർ 15 മുതൽ പുതിയ വിസ നൽകുമെന്നും മന്ത്രാലയം പറയുന്നു.
ആരോഗ്യ മന്ത്രാലയത്തിന്‍റെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും വിദേഷ ടൂറിസ്റ്റുകളും അവരെ ഇന്ത്യയിലെത്തിച്ചവരും പാലിക്കണമെന്ന് മന്ത്രാലയത്തിന്‍റെ പ്രസ്ഥാവനയിൽ പറയുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. എന്നാൽ കൊവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനം.