ന്യൂഡൽഹി: ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. കഴിഞ്ഞ വർഷത്തെ 142-ാം റാങ്കിൽ നിന്നാണ് 150-ാം സ്ഥാനത്തേക്ക് ഇന്ത്യ കുത്തനെ താഴ്‌ന്നത്. ചൊവ്വാഴ്‌ച പുറത്തിറക്കിയ ആഗോള മാധ്യമ നിരീക്ഷകരായ റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സിന്‍റെ (RSF) റിപ്പോർട്ടിലാണ് പുതിയ കണ്ടെത്തൽ.
അയൽരാജ്യങ്ങളും പിന്നിൽ: നേപ്പാൾ ഒഴികെയുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ റാങ്കിങ്ങും ഇടിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സൂചികയിൽ പാകിസ്ഥാൻ 157-ാം സ്ഥാനത്തും ശ്രീലങ്ക 146-ാം സ്ഥാനത്തും ബംഗ്ലാദേശ് 162-ാം സ്ഥാനത്തും മ്യാൻമർ 176-ാം സ്ഥാനത്തുമാണ്. അതേസമയം ആഗോള റാങ്കിങ്ങിൽ 30 പോയിന്‍റോടു കൂടി നേപ്പാൾ 76-ാം സ്ഥാനത്തേക്ക് ഉയർന്നതായി ആർ.എസ്.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നോർവേ ഒന്നാമത്: 2022ലെ ആർ.എസ്.എഫ് റിപ്പോർട്ട് പ്രകാരം മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവേയാണ് ഒന്നാം സ്ഥാനത്ത്. യഥാക്രമം ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തും എസ്‌തോണിയ നാലാം സ്ഥാനത്തും ഫിൻലൻഡ് അഞ്ചാം സ്ഥാനത്തുമെത്തി. അതേസമയം 180-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് ഉത്തരകൊറിയയാണ്. കഴിഞ്ഞ വർഷം 150-ാം സ്ഥാനത്തായിരുന്ന റഷ്യ 155-ാം സ്ഥാനത്തേക്ക് താഴ്‌ന്നപ്പോൾ 177-ാം സ്ഥാനത്തായിരുന്ന ചൈന 175-ാം സ്ഥാനത്തേക്ക് ഉയർന്നു.
ഇന്ത്യയ്‌ക്ക് വിമർശനം: മാധ്യമപ്രവർത്തകരുടെയും ഓൺലൈൻ വിമർശകരുടെയും പ്രവർത്തനങ്ങളുടെ പേരിലുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യയിലെ അധികാരികളോട് റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സും മറ്റ് ഒമ്പത് മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. തീവ്രവാദ വിരുദ്ധ നിയമങ്ങളുടെയും രാജ്യദ്രോഹ നിയമങ്ങളുടെയും കീഴിൽ അവരെ വിചാരണ ചെയ്യരുതെന്നും ലോക പത്രസ്വാതന്ത്ര്യ ദിനത്തിൽ (മെയ് 04) പുറത്തിറക്കിയ പ്രസ്‌താവനയിൽ സംഘടന അറിയിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഇന്ത്യൻ അധികാരികൾ മാനിക്കണം. വിമർശനാത്മകമായ മാധ്യമപ്രവർത്തനത്തിന്‍റെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചോ രാഷ്‌ട്രീയ പ്രേരിതമായോ ഏതെങ്കിലും മാധ്യമപ്രവർത്തകരെ തടങ്കലിൽ വച്ചിട്ടുണ്ടെങ്കിൽ അവരെ മോചിപ്പിക്കണമെന്നും ആർ.എസ്.എഫ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ട്, അവരെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും അധിക്ഷേപിക്കാനും ഹിന്ദു ദേശീയവാദികളെ അധികാരികൾ പ്രേരിപ്പിക്കുന്നുവെന്നും പ്രസ്‌താവനയിൽ ആരോപിക്കുന്നു.
മാധ്യമപ്രവർത്തകരെയും വിമർശകരെയും ലക്ഷ്യമിട്ടുള്ള ഭീഷണികളും ആക്രമണങ്ങളും സംബന്ധിച്ച ആരോപണങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്കെതിരെ സമഗ്രവും സ്വതന്ത്രവും നിഷ്‌പക്ഷവുമായ അന്വേഷണങ്ങൾ നടത്തണമെന്നും ആർ.എസ്.എഫ് പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് തങ്ങളുടെ ജോലി ചെയ്യേണ്ടതിന് സ്വന്തം ജീവനും സ്വാതന്ത്ര്യവും പണയപ്പെടുത്തേണ്ടി വരരുതെന്നും അവർ കൂട്ടിച്ചേർത്തു.