ന്യൂഡൽഹി: 2021ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ക്ഷണിച്ച് ഇന്ത്യ. രാജ്യത്ത് വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് ബ്രിട്ടണ്‍ വിതരണാനുമതി നല്‍കിയ തൊട്ടടുത്ത ദിവസമാണ് ഇന്ത്യയുടെ ക്ഷണം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറും അതിന്‍റെ ജർമൻ പങ്കാളിയായ ബയോ ടെക്കും വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിനാണ് ബോറിസ് സര്‍ക്കാര്‍ വിതരാണനുമതി നല്‍കിയത്. ഇതോടെ കൊവിഡ് മരുന്നിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറിയിരുന്നു.
കഴിഞ്ഞ നവംബര്‍ 27ന് ഇരു രാജ്യനേതാക്കളും നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് ക്ഷണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അടുത്ത വര്‍ഷം ആദ്യം ജി 7 യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടിനിലേക്ക് പോകുന്നുണ്ട്. നേരിട്ടുള്ള ക്ഷണം അന്നുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി - 7 സംഘടന വിപൂലീകരിക്കുന്നതിന്‍റെ ഭാഗമായി അമേരിക്കയാണ് ഇന്ത്യയെ അടുത്ത യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മിഷനും റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ബോറിസ് ജോണ്‍സണ്‍ അടുത്തു തന്നെ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് ഹൈക്കമീഷന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
യൂറോപ്യൻ യൂണിയനില്‍ നിന്ന് പുറത്തുവന്നതോടെ പുതിയ വ്യാപാര ബന്ധങ്ങള്‍ സൃഷ്‌ടിക്കാൻ ബോറിസ് ജോണ്‍സണ്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ജനുവരി 31ന് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയെങ്കിലും വിഷയവുമായി പൗരന്മാർക്കും ബിസിനസുകൾക്കും പൊരുത്തപ്പെടാൻ കുറച്ച് സമയം നൽകിയിട്ടുണ്ട്. അതിന്‍റെ സമയവും ഉടൻ അവസാനിക്കും. ഏഷ്യയിലെ പ്രധാന ശക്തിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധത്തിന് ബ്രിട്ടണ്‍ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രക്‌സിറ്റിന് ശേഷമുള്ള വ്യാപര ബന്ധങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ കഴിഞ്ഞ മാസം ഇന്ത്യയും ബ്രിട്ടണും ഒരു വെര്‍ച്വല്‍ മീറ്റിങ് സംഘടിപ്പിച്ചിരുന്നു.
2021ലെ റിപ്പബ്ലിക് ദിന പരേഡിൽ ബോറിസ് ജോൺസൺ പങ്കെടുക്കുകയാണെങ്കിൽ, കഴിഞ്ഞ 28 വർഷത്തിനുള്ളിൽ ഭരണഘടനാ പരിപാടിയുടെ മുഖ്യാതിഥിയായി ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ബോറിസ് ജോണ്‍സണ്‍. 1993 ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ജോൺ മേജറാണ് അവസാനം ഇന്ത്യയിലെത്തിയത്.