ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ ആദ്യമായി രണ്ട് ലക്ഷം കവിഞ്ഞു. ഇന്ന് രേഖപ്പെടുത്തിയത് 2,00739 കേസുകള്‍. 24 മണിക്കൂറിനിടെ 1038 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യം അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ലക്ഷത്തില്‍ നിന്നും കൊവിഡ് രോഗികള്‍ രണ്ട് ലക്ഷത്തിലെത്താൻ വെറും പത്തു ദിവസം മാത്രമാണ് എടുത്തത്. അമേരിക്കയ്ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്. ഏപ്രില്‍ അഞ്ചിനാണ് രാജ്യത്തെ കൊവിഡ് രോഗികള്‍ ഒരു ലക്ഷം കടന്ന് ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത്തിയെട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. അന്ന് രേഖപ്പെടുത്തിയ മരണം 478 ആയിരുന്നു. മരണ നിരക്ക് മൂന്നിരട്ടിയിലേക്കാണ് പത്തു ദിവസം കൊണ്ട് എത്തി നില്‍ക്കുന്നത്.
രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 82.04 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, കർണാടക, എന്നിവയുൾപ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇന്ന് രേഖപ്പെടുത്തിയ മരണത്തോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,73,123 ആയി. 14,71,877 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 11,44,93,238 പേരാണ് കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചത്. കൊവിഡ് മുക്തരുടെ കണക്ക് 24 മണിക്കൂറിനുള്ളില്‍ 93,528ആണ്.