ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്നും സൈനിക പിന്മാറ്റത്തിന് തയ്യാറായി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും സൈനിക തലവന്മാര്‍ കഴിഞ്ഞ ആഴ്‌ച ചുഷുലില്‍ നടത്തിയ എട്ടാം കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സേന പിന്മാറ്റത്തിന് ധാരണയായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രശ്‌ന പരിഹാരത്തിനായി സൈനിക നയതന്ത്ര തലങ്ങളില്‍ ചര്‍ച്ച തുടരാന്‍ ഇരു വിഭാഗവും തയ്യാറായതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചു. അടുത്ത ഘട്ട ചര്‍ച്ച വൈകാതെ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ഘട്ടത്തിലെ ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള എല്ലാ പ്രധാന പോയിന്‍റുകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചര്‍ച്ച നടത്തിയെന്നും അനുരാഗ് ശ്രീവാസ്‌തവ കൂട്ടിച്ചേര്‍ത്തു.
ധാരണയനുസരിച്ച് പാംഗോങ് തടാകത്തിന് സമീപം ഈ വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളിലെ സ്ഥിതി പുനഃസ്ഥാപിക്കുന്നതാണ്. ദെസ്‌പാങ് സമതലങ്ങളിലെ സംഘര്‍ഷവും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും. ഇവിടെ ഇന്ത്യന്‍ ആര്‍മിയുടെ ചില പെട്രോളിങ് പോയിന്‍റുകളെ ചൈനീസ് സൈന്യം തടഞ്ഞിരുന്നു. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍വാങ്ങുന്നതിന് ഇരു രാജ്യങ്ങളും ധാരണയായതിനാല്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ പുരോഗമിക്കുകയാണ്.