ന്യൂഡല്‍ഹി: മധ്യേഷയില്‍ സമാധാനം ഉറപ്പു വരുത്താനായി ഇസ്രായേലും പലസ്തീനും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്കള. തിങ്കളാഴ്ച നടന്ന യുഎന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ശ്രിങ്കള ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗസ മുനമ്പിലെ സമീപ കാല സംഭവങ്ങള്‍ വെടി നിര്‍ത്തലിന്‍റെ ആവശ്യകത അടിവരയിടുന്നതായും, വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി വഷളാവുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇരുപക്ഷവും വിട്ടു നില്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത അദ്ദേഹം, ഇരുപക്ഷവും തമ്മിലുള്ള ശത്രുത മറ്റൊരു സൈനിക സംഘട്ടനത്തിലേക്ക് നീങ്ങുന്നത് തടയാൻ യുഎന്നും പ്രാദേശിക രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
also read:അവസാന യു.എസ് വിമാനവും അഫ്ഗാൻ വിട്ടു; ദൗത്യം പൂര്‍ത്തിയായെന്ന് ബൈഡൻ
അതേസമയം ഗസയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ അതിർത്തിയിൽ പലസ്‌തീനികളുടെ പ്രതിഷേധം തുടരുകയാണ്. നൂറുകണക്കിന് പേരാണ് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്. പലസ്തീനിലെ ഉപരോധം നീക്കിയില്ലെങ്കിൽ ഇസ്രയേൽ അധിനിവേശം ശാന്തമായ അന്തരീക്ഷത്തിൽ ആയിരിക്കില്ലെന്ന് പ്രതിഷേധക്കാരുടെ വക്താവ് അബു ഉമർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.