ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,71,242 പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതിൽ 33,65,597 ഗുണഭോക്താക്കൾക്ക് ആദ്യ ഡോസും 3,05,645 ഗുണഭോക്താക്കൾക്ക് രണ്ടാം ഡോസും നൽകി. ഇന്ത്യയിൽ ഇതുവരെ 6,87,89,138 വാക്സിനുകൾ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച മുതൽ രാജ്യത്ത് 45 വയസിനു മുകളിൽ ഉള്ളവർക്കും വാക്സിനേഷൻ നൽകാൻ ആരംഭിച്ചിരുന്നു. മഹാരാഷ്‌ട്രയും ഗുജറാത്തുമാണ് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ സംസ്ഥാനങ്ങൾ. 65,19,976 പേർക്കാണ് മഹാരാഷ്‌ട്ര വാക്സിൻ നൽകിയത്. 61,65,176 പേർക്ക് ഗുജറാത്തും വാക്സിനേഷൻ നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 81,466 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. 469 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. രാജ്യത്ത് മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,23,03,131 ആണ്.