ന്യൂഡൽഹി: രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോൾ യുഎസ് ആസ്ഥാനമായ ഗൂഗിളും ഇന്ത്യയുടെ ആഘോഷവേളയിൽ പങ്കാളിയാകുകയാണ്. സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ ഡൂഡിലായി രാജ്യത്തെ വൈവിധ്യമാർന്ന സാംസ്‌കാരിക നൃത്തരൂപങ്ങളുടെ ഛായചിത്രമാണ് നൽകിയിരിക്കുന്നത്.
ഗൂഗിൾ എന്നതിന്‍റെ ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ചുകൊണ്ട് വിവിധ വർണങ്ങളിൽ ഓരോ നർത്തകരെയും അവരുടെ കൈവശമുള്ള ഉപകരണങ്ങളെയും ക്രമീകരിച്ചിരിക്കുന്നതാണ് ഈ ഡിജിറ്റൽ കലാസൃഷ്‌ടി. കൊൽക്കത്തയിലെ സയൻ മുഖർജിയാണ് ഡൂഡിൽ നിർമിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറ് കലാരൂപങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രത്തിൽ ആറ് കലാകാരന്മാർ തനതായ പരമ്പരാഗത വസ്‌ത്രങ്ങളും നൃത്തോപകരണങ്ങളും അണിഞ്ഞ് നിരയായി നിൽക്കുന്നത് കാണാം.
ALSO READ: ആത്മനിർഭർ ഭാരത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ: പ്രധാനമന്ത്രി
തമിഴ്‌നാടിന്‍റെ പ്രാചീന നൃത്തരൂപമായ ഭരതാനാട്യമാണ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'ജി' എന്ന അക്ഷരത്തെ സൂചിപ്പിക്കുന്നത്. യഥാക്രമം അസം ഉത്സവമായ ബിഹു വസ്‌ത്രങ്ങളണിഞ്ഞ സ്‌ത്രീ, പഞ്ചാബിന്‍റെ ഭംഗ്ര നർത്തകൻ, ബംഗാളിലെ പുരുലിയ ചൗ നർത്തകി, ഗുജറാത്തിലെ ഗർബ നർത്തകി, ഒടുവിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കഥകളി നർത്തകനിൽ അവസാനിക്കുന്നു ചിത്രം. പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്‌റ്റ് 14നും പാക് ചരിത്രത്തെ അനുസ്‌മരിപ്പിക്കുന്ന തരത്തിലുള്ള ഡൂഡിൽ ഗൂഗിൾ പ്രദർശിപ്പിച്ചിരുന്നു.