ന്യൂഡൽഹി: ഇന്ത്യയിൽ 5,335 പുതിയ കൊറോണ വൈറസ് കേസുകൾ. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇത് 195 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. നിലവിൽ രാജ്യത്ത് സജീവ കേസുകൾ 25,587 ആയി ഉയർന്നു. കഴിഞ്ഞ വർഷം സെപ്‌റ്റംബർ 23നായിരുന്നു പ്രതിദിനം 5,383 കേസ് ഒറ്റ ദിവസം കൊണ്ട് റിപ്പോർട്ട് ചെയ്‌തത്.
അതേസമയം 13 മരണങ്ങളോടെ മരണസംഖ്യ 5,30,929 ആയി ഉയർന്നു. കർണാടക, മഹാരാഷ്‌ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്‌തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയാണ് (4,47,39,054).
ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലെ കണക്ക് അനുസരിച്ച്, ഇപ്പോൾ സജീവമായ കേസുകളിൽ മൊത്തം അണുബാധയുടെ 0.06 ശതമാനം ഉൾപ്പെടുന്നുണ്ട്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.75 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 4,41,82,538 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണ്. മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.