വിജയവാഡ (ആന്ധ്രാപ്രദേശ്) : 2.43 ലക്ഷം മദ്യക്കുപ്പികൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു. അഞ്ച് കോടി വിലമതിക്കുന്ന മദ്യമാണ് ആന്ധ്ര പൊലീസ് നശിപ്പിച്ചത്. തെലങ്കാനയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണ് ഈ മദ്യക്കുപ്പികൾ.
ഇന്നലെ(14-9-2022) ആന്ധ്ര പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ പിടികൂടിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എൻടിആർ ജില്ലയിലെ നന്ദിഗമയിൽ വച്ചാണ് മദ്യക്കുപ്പികൾ പൊടിച്ചുകളഞ്ഞത്. തെലങ്കാനയിൽ നിന്ന് നിയമവിരുദ്ധമായി മദ്യക്കുപ്പികൾ കടത്തുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 226 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി വിജയവാഡ കമ്മീഷണർ കാന്തി റാണ ടാറ്റ പറഞ്ഞു. നേരത്തെ വിജയവാഡ പൊലീസും സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്‍റ് ബ്യൂറോയും ചേര്‍ന്ന് രണ്ട് കോടിയുടെ 66,000 മദ്യകുപ്പികൾ നശിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷത്തിനിടെ 822 കേസുകളിലായി പിടികൂടിയ മദ്യക്കുപ്പികളാണ് നശിപ്പിച്ചത്. കഴിഞ്ഞ ജൂണിൽ ആന്ധ്രാപ്രദേശ് പൊലീസ് ഏലൂർ ജില്ലയിൽ 80 ലക്ഷം രൂപ വിലമതിക്കുന്ന 33,934 അനധികൃത മദ്യക്കുപ്പികൾ നശിപ്പിച്ചിരുന്നു.