ഔറംഗബാദ് (മഹാരാഷ്‌ട്ര): പള്ളികളിലെ ഉച്ചഭാഷിണി വിഷയം വീണ്ടും ഉന്നയിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ഞായറാഴ്‌ച മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഔറംഗബാദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു താക്കറെ. മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാറിന് താക്കറെ നൽകിയ അന്ത്യശാസനത്തിന്‍റെ പശ്ചാത്തലത്തിലാണ് റാലി നടന്നത്.
സർക്കാർ ഉച്ചഭാഷിണികൾ നീക്കം ചെയ്‌തില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് താക്കറെ ആവർത്തിച്ചു. ഉച്ചഭാഷിണി ഒരു മതപരമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് സർക്കാരിന് ഉച്ചഭാഷിണി നീക്കം ചെയ്യാൻ കഴിയുമെങ്കിൽ, തന്‍റെ ബന്ധുവായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ അതിൽ നിന്ന് തടയുന്നത് എന്താണെന്നും താക്കറെ ചോദിച്ചു.
ഉച്ചഭാഷിണിക്കെതിരെയുള്ള നിലപാടിൽ യോഗി സർക്കാരിനെ താക്കറെ പ്രശംസിക്കുകയും യുപി സർക്കാരിൽ നിന്ന് പഠിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. റാലി സംഘടിപ്പിച്ച പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും മൂവായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചതായി ഔറംഗബാദ് പൊലീസ് കമ്മിഷണർ നിഖിൽ ഗുപ്‌ത പറഞ്ഞു.
Also read: 'മതം നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്ലിങ്ങള്‍ മനസിലാക്കണം'; ഭീഷണിയുമായി രാജ് താക്കറെ