ചെന്നൈ: കുംഭകോണം നന്ദനപുരേശ്വരർ ശിവക്ഷേത്രത്തിൽ നിന്നും 50 വർഷം മുൻപ് നഷ്‌ടപ്പെട്ട പാർവതി ദേവിയുടെ വിഗ്രഹം ന്യുയോർക്കിൽ കണ്ടെത്തിയതായി തമിഴ്‌നാട് വിഗ്രഹ വിഭാഗം സിഐഡി അറിയിച്ചു. ന്യുയോർക്കിലെ ബൊനാംസ് ലേല ഹാളിലാണ് വിഗ്രഹം കണ്ടെത്തിയത്. 2019 ഫെബ്രുവരിയിൽ കെ. വാസു നൽകിയ പരാതിയിൽ വിഗ്രഹ വിഭാഗം എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.
അന്നുമുതൽ നിലനിൽക്കുന്ന കേസ്, വിഗ്രഹ വിഭാഗം ഇൻസ്പെക്‌ടർ എം ചൈത്ര അടുത്തിടെ ഏറ്റെടുക്കുകയും വിവിധ മ്യൂസിയങ്ങളിലും ഓക്ഷൻ ഹൗസുകളിലും തിരച്ചിൽ ആരംഭിക്കുകയും ചെയ്‌ത ശേഷമാണ് കൂടുതൽ ശ്രദ്ധ നേടിയത്. അന്വേഷണത്തിനൊടുവിൽ ബൊനാംസ് ഓക്ഷൻ ഹൗസിൽ വിഗ്രഹം കണ്ടെത്തി. ഏകദേശം 12-ാം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള ചെമ്പ് - അലോയ് വിഗ്രഹത്തിന് ഏകദേശം 52 സെന്‍റീമീറ്റർ ഉയരമുണ്ട്.
അതിന്‍റെ മൂല്യം 212,575 യുഎസ് ഡോളർ (ഏകദേശം 1,68,26,143 രൂപ) ആണ്. വിഗ്രഹം തിരികെ കൊണ്ടുവരാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് വിഗ്രഹ വിഭാഗം ഡിജിപി ജയന്ത് മുരളി അറിയിച്ചു.