ന്യൂഡൽഹി : കാണുമ്പോഴെല്ലാം മുഖത്ത് പ്രസന്നമായ ഒരു പുഞ്ചിരിയുമായി തന്നെ നോക്കി കൈ വീശി കാണിക്കുന്നയാൾ.. രാഹുൽ ഗാന്ധിയെ കുറിച്ച് ഓർത്തെടുത്ത് പറയുമ്പോൾ ചേതന്‍റെ മുഖത്ത് ഒരു പുഞ്ചിരി വിരിയും. രാഹുൽ ഗാന്ധി താമസിച്ചിരുന്ന 12 തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം ഐസ്‌ക്രീം കച്ചവടം ചെയ്‌തിരുന്ന ചേതന് പറയാനുള്ളത് രാഷ്‌ട്രീയക്കാരനായ രാഹുൽ ഗാന്ധിയെക്കുറിച്ചല്ല. പകരം, രാഹുൽ ഗാന്ധിയെന്ന സൗമ്യനായ വ്യക്തിയെക്കുറിച്ചാണ്.
'ഞാൻ ഇവിടെ രണ്ട് വർഷമായി ഐസ്‌ക്രീം വിൽപ്പന നടത്തുകയാണ്. എന്നെ കാണുമ്പോഴെല്ലാം അദ്ദേഹം ഒരു പ്രസന്നമായ പുഞ്ചിരി സമ്മാനിക്കും, കൈ വീശി കാണിക്കും. എന്നാൽ ഇപ്പോൾ ഇവിടം ശൂന്യമാണ്. ഇപ്പോൾ അദ്ദേഹത്തെ കാണാൻ കഴിയുന്നില്ല' -ചേതൻ വിഷമത്തോടെ പങ്കുവച്ചു. എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതിന് ശേഷം രാഹുൽ താമസിക്കുന്ന 12 തുഗ്ലക് ലെയ്‌നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ഔദ്യോഗിക വസതിയിലെ സാധനങ്ങളും മാറ്റിത്തുടങ്ങി.
മോദി പരാമർശത്തിലെ അപകീർത്തി കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെയായിരുന്നു അയോഗ്യത. കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് കാര്യങ്ങൾ മാറി മറിഞ്ഞു എന്നും അതിനുശേഷം അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും ചേതൻ വിഷമത്തോടെ പങ്കുവച്ചു. ലോക്‌സഭ അംഗം എന്ന നിലയിലാണ് രാഹുൽ 12 തുഗ്ലക് ലെയ്‌നിലെ വസതിയില്‍ താമസിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനായതോടെ ഒരു മാസത്തിനകം വീട് ഒഴിയണമെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് നിർദേശിച്ചു.
വിവാദ പരാമർശവും അയോഗ്യതയും: വയനാട് എംപി ആയിരുന്ന രാഹുൽ ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനാസ്‌പദം. കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായത് എങ്ങനെ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന. നീരവ് മോദി, ലളിത് മോദി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം.
സംഭവത്തില്‍ ഭാരതീയ ജനത പാർട്ടി എംഎൽഎ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്‌ട കേസ് നൽകിയതിനെ തുടർന്നാണ് രാഹുൽ വിചാരണ നേരിട്ടത്. തുടർന്ന് മോദി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി കണ്ടെത്തുകയും രണ്ട് വർഷം തടവിന് ശിക്ഷിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് പാർലമെന്‍റ് അംഗത്വം നഷ്‌ടപ്പെട്ടത്. പാർലമെന്‍റിലെ ഏതെങ്കിലും അംഗം രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ പാർലമെന്‍റിൽ നിന്ന് അയോഗ്യത കൽപ്പിക്കുമെന്ന 1951ലെ ജനാധിപത്യ നിയമപ്രകാരമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. അപകീർത്തി കേസിൽ മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി അപ്പീൽ നൽകിയിരുന്നു. തുടർന്ന് സൂറത്ത് സെഷൻസ് കോടതി വാദം കേട്ടെങ്കിലും വിധി പറയാതെ മാറ്റി. ഏപ്രിൽ 20ലേക്കാണ് മാറ്റിയത്.
Also read : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം കേട്ട് കോടതി; വിധി ഏപ്രിൽ 20 ന്