ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ ലോക്‌സഭാംഗവുമായ പിസി ചാക്കോ പാർട്ടി വിട്ടു. രാജിക്കത്ത് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറി. അവഗണനയിൽ പ്രതിഷേധിച്ചാണു പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സീറ്റ് വിഭജനത്തിൽ പരസ്യമായി അതൃപ്തി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് രാജി പ്രഖ്യാപനം.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഹൈക്കമാന്‍ഡിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് ചാക്കോ നടത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇല്ലെന്ന് പറഞ്ഞ പിസി ചാക്കോ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ തുറന്നടിച്ചു. കേരളത്തില്‍ കോണ്‍ഗ്രസുകാരനായിരിക്കുക അസാധ്യമാണ്. ഒന്നുകില്‍ ഐ ഗ്രൂപ്പ് അല്ലെങ്കിൽ എ ഗ്രൂപ്പ് എന്ന നിലയിലെ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കനാകൂ.
വി.എം സുധീരനെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യതയല്ല മാനദണ്ഡം. ഇരു ഗ്രൂപ്പുകളും തയ്യാറാക്കി കൊടുക്കുന്ന പട്ടിക അംഗീകരിക്കുകയാണ് ഹൈക്കമാന്‍ഡ് ചെയ്യുന്നത്. ഇത് ജനാധിപത്യമല്ല. തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളെ കുറിച്ച് പ്രാഥമിക ചര്‍ച്ച പോലും നടന്നില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തിയായ നേതൃത്വം ഇല്ല. തന്‍റെ രാജി നേതൃത്വത്തിന്‍റെ കണ്ണു തുറപ്പിച്ചാല്‍ അതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും പിസി ചാക്കോ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം സി.പി.എം ബന്ധങ്ങളെ കുറിച്ച് സംസാരിച്ച പിസി ചാക്കോ ബിജെപിയിലേക്ക് ഇല്ലെന്ന സൂചനയാണ് നല്‍കുന്നത്.